അപകടക്കെണിയായി നടപ്പാതയുടെ തകര്‍ന്ന സ്ലാബ്: ഓവുചാലില്‍വീണ് പെണ്‍കുട്ടിക്ക് പരിക്കേറ്റു

0 402

അപകടക്കെണിയായി നടപ്പാതയുടെ തകര്‍ന്ന സ്ലാബ്: ഓവുചാലില്‍വീണ് പെണ്‍കുട്ടിക്ക് പരിക്കേറ്റു

കൂത്തുപറമ്ബ് : നടപ്പാതയുടെ സ്ലാബ് തകര്‍ന്നുകിടക്കുന്നത് അപകടക്കെണിയാകുന്നു. കൂത്തുപറമ്ബ്-കണ്ണൂര്‍ റോഡിന്റെ ഒരുഭാഗത്താണ് പലയിടങ്ങളിലായി സ്ലാബ് തകര്‍ന്നിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെടാതെ കാല്‍നടയാത്രക്കാര്‍ വീണ് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ പതിവാണ്. വ്യാഴാഴ്ച രാവിലെ ബി.ആര്‍.സി. ഓഫീസിന് സമീപം ഒരുപെണ്‍കുട്ടി വീണ് പരിക്കേറ്റ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. അമ്മയുടെ ഒപ്പം പോവുകയായിരുന്ന കുട്ടി തകര്‍ന്ന സ്ലാബിന്റെ മുകളില്‍വെച്ച പ്ലൈവുഡ് ഷീറ്റ് പൊട്ടി ഓവുചാലില്‍ വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടി കൂത്തുപറമ്ബ് താലൂക്ക്‌ ആസ്പത്രിയില്‍ ചികിത്സ തേടി.

സ്ലാബ് തകര്‍ന്നിട്ട് മാസങ്ങളായി. ഇതുസംബന്ധിച്ച്‌ മാതൃഭൂമി നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടങ്ങള്‍ പതിവായിട്ടും സ്ലാബുകള്‍ മാറ്റിസ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ചില വ്യാപാരികളും നാട്ടുകാരും ഈ ഭാഗങ്ങളിലൂടെ ആളുകള്‍ കടന്നുപോകുന്നത് ഒഴിവാക്കാനായി കയറ് കെട്ടുകയും അപകടസൂചനാബോര്‍ഡ് സ്ഥാപിക്കുകയുംചെയ്തിട്ടുണ്ട്. എത്രയുംവേഗം പുതിയ സ്ലാബുകള്‍ സ്ഥാപിച്ച്‌ അപകടങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.