ഇരിട്ടി നഗരത്തിൽ നടപ്പാതയിൽ സ്ഥാപിച്ച കൈവേലി മുറിച്ചുമാറ്റി

0 273

ഇരിട്ടി നഗരത്തിൽ നടപ്പാതയിൽ സ്ഥാപിച്ച കൈവേലി മുറിച്ചുമാറ്റി

ഇരിട്ടി: ഇരിട്ടി നഗരത്തിൽ നടക്കുന്ന വികസന പ്രവർത്തനത്തിന്റെയും റോഡ് നവീകരണത്തിന്റെയും ഭാഗമായി നടപ്പാതയിൽ സ്ഥാപിച്ച കൈവേലി മുറിച്ചു മാറ്റി. മേലേ സ്റ്റാൻഡിൽ പാലത്തിനു സമീപം ഒരു വ്യാപാര സ്ഥാപനത്തിലേക്ക് വഴി തുറക്കാനെന്ന നിലയിലാണ് കെ എസ് ടി പി അധികൃതർ സ്ഥാപിച്ച കൈവേലി 2 മീറ്റിലധികം നീളത്തിൽ മുറിച്ചു നീക്കിയത്. തലേ രാത്രി വരെ ഉണ്ടായിരുന്ന കൈവേലി ചൊവ്വാഴ്ച രാവിലെ കാണാതായതോടെ ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ഉൾപ്പെടെയുള്ള പ്രതിഷേധം ഉയർത്തി.
സ്ഥലത്ത് എത്തിയ എസ്‌ഐ ദിനേശൻ കൊതേരി ബന്ധപ്പെട്ടപ്പോൾ വ്യാപാര സ്ഥാപനത്തിന്റെ പുനർനിർമാണത്തിനായി കെഎസ്ടിപി അനുമതിയോടെയാണ് കൈവേലി മുറിച്ചതെന്നായിരുന്നു ആരോപണ വിധേയരുടെ പ്രതികരണം. ഇതേസമയം കൈവേലി മുറിച്ചു നീക്കാൻ ആരും അപേക്ഷ നൽകുകയോ അനുമതി നൽകുകയോ ചെയ്തിട്ടില്ലെന്ന് കെഎസ്ടിപി അസി.എൻജിനിയർ കെ.വി.സതീശനും കൺസൽട്ടൻസി കമ്പിനി റസിഡന്റ് എൻജിനീയർ പി. എൻ. ശശികുമാറും വ്യക്തമാക്കിയതോടെ ഈ വാദം പൊളിഞ്ഞു.
തലശ്ശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പട്ടണത്തിൽ മാത്രം 15 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. കയ്യേറ്റം പൊളിച്ച് ഓവൂചാൽ പണിയുകയും അതിനു മുകളിലൂടെ സ്ലാബിട്ട് തറയോട് വിരിച്ച് മനോഹരമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് നടപ്പാതയ്ക്ക് സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തുന്ന നിലയിൽ കൈവേലി സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. കൈവേലി തകർത്തവർക്കെതിരെ കർശന നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുമെന്ന് ഇരിട്ടി നഗരസഭാ കൗൺസിലർ പി.രഘു, ടൗൺ ചുമട്ടു തൊഴിലാളി യൂണിയൻ ( സിഐടിയു ) സെക്രട്ടറി പി.അശോകനും അറിയിച്ചു.

Get real time updates directly on you device, subscribe now.