തിരുവനന്തപുരം അമ്പലമുക്കിൽ കാർഷിക നഴ്‌സറി ജീവനക്കാരിയെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെയെന്ന് പ്രതി. കൊല്ലപ്പെട്ട വിനീതയുടെ കഴുത്തിലെ മാല ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും, ഈ ശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്‍ചയാണ് നെടുമങ്ങാട് സ്വദേശി വിനീത കുത്തേറ്റു മരിച്ചത്. സംഭവത്തിൽ നേരത്തെ പ്രതിയുടേതെന്ന് കരുതുന്ന സി.സി ടി.വി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ കടയിൽ നിന്നുള്ള സി.സി ടി.വി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പതിനൊന്നു മണിയോടെ കടയിലെത്തിയ പ്രതി 20 മിനുട്ടിന് ശേഷമാണ് പുറത്തു വന്നതെന്ന് ഇതേ തുടർന്ന് പോലീസും വ്യക്തമാക്കിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനായ തമിഴ്നാട് സ്വദേശി രാജേഷിനെ പോലീസ് പിടികൂടുകയായിരുന്നു.