വണ്ടിയോടിച്ചത് മദ്യ ലഹരിയില്‍; പൂച്ചാക്കലിലെ കാറപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടിയുടെ നില ​ഗുരുതരം 

0 290

വണ്ടിയോടിച്ചത് മദ്യ ലഹരിയില്‍; പൂച്ചാക്കലിലെ കാറപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടിയുടെ നില ​ഗുരുതരം

ആലപ്പുഴ: പൂച്ചാക്കലില്‍ വിദ്യാര്‍ത്ഥിനികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റ കാറപകടം മദ്യ ലഹരിയിലെന്ന് പൊലീസ്. കാറിലുണ്ടായിരുന്ന രണ്ട് പേരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പൂച്ചാക്കല്‍ സ്വദേശി മനോജ്, അന്യ സംസ്ഥാന തൊഴിലാളി ആനന്ദ് മുഡോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിടിച്ച്‌ പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ അനഘയുടെ നിലയാണ് ഗുരുതമായി തുടരുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
അനഘയ്ക്കൊപ്പം കാറിടിച്ച്‌ പരിക്കേറ്റ സാ​ഗി, ചന്ദന, അര്‍ച്ചന എന്നീ കുട്ടികളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കി മാറ്റി. ബൈക്കില്‍ സഞ്ചരിക്കവെ ഇടിയേറ്റ പൂച്ചാക്കല്‍ സ്വദേശി അനീഷിന്‍റെയും മകന്‍റെയും നില തൃപ്തികരമാണ്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൂന്നിടങ്ങളിലായി ഓരേ കാറിടിച്ച്‌ ആറ് പേര്‍ക്ക് പരിക്കേറ്റത്. പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ അനഘ, ചന്ദന, അ‍ര്‍ച്ചന, സാഗി എന്നിവരെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേര്‍ സമീപത്തെ പറമ്ബിലേക്കും തെറിച്ചുവീണു. സൈക്കിളില്‍ വരുമ്ബോഴാണ് നാലാമത്തെ കുട്ടിയെ ഇടിച്ചത്.

വിദ്യാര്‍ത്ഥിനികളെ ഇടിക്കും മുന്‍പ് ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച പൂച്ചാക്കല്‍ സ്വദേശി അനീഷിനെയും നാല് വയസുള്ള മകനെയും കാര്‍ തട്ടിയിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് നിന്നത്.