ഫെയ്‌സ്ബുക്കിനും ഗൂഗിളിനും ആമസോണിനും ആപ്പിളിനുമെതിരെ 12 ഗുരുതര ആരോപണങ്ങൾ!
അമേരിക്കന്‍ പൗരപ്രതിനിധികള്‍ ടെക്‌നോളജി ഭീന്മാരായ ഫെയ്‌സ്ബുക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ എന്നീ കമ്പനികള്‍ക്കെതിരെ അതി ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് 16 മാസം നീണ്ട അന്വേഷണത്തിന്റെ റിപ്പോർട്ടാണ്. ഈ വമ്പന്‍ കമ്പനികളെ ചെറിയ കമ്പനികളാക്കണം എന്ന ശുപാര്‍ശയടങ്ങുന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്. ഇവ നടപ്പാക്കപ്പെട്ടാല്‍, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ നടപടികളായിരിക്കും ഇവയ്‌ക്കെതിരെ സ്വീകരിക്കപ്പെടുക. ചില ആരോപണങ്ങള്‍ പരിശോധിക്കാം:
∙ ഫെയ്‌സ്ബുക്
സമൂഹ മാധ്യമ രംഗത്ത് ഇവരുടെ ഏകധിപത്യം അത്രമേല്‍ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞു. വിവിധ തന്ത്രങ്ങളുപയോഗിച്ച് എതിരാളികളാകാന്‍ എത്തിയവരെ പുകച്ചു ചാടിച്ചു. വെല്ലുവിളി ഉയര്‍ത്തുമെന്നു തോന്നിയ കമ്പനികളെ ഒന്നുകില്‍ വാങ്ങിക്കൂട്ടി അല്ലെങ്കില്‍ അവരുടെ പ്രധാന ഫീച്ചറുകള്‍ എടുത്ത് സ്വന്തമായി ഉപയോഗിച്ചു. ഓണാവോ എന്നൊരു ആപ് അവര്‍ ഐഫോണിനു വേണ്ടി നിർമിച്ചിരുന്നു. ഇതിലൂടെ അവര്‍ക്ക് പല കാര്യങ്ങളെക്കുറിച്ചും മുന്നറിയിപ്പു കിട്ടി. (ഇതാണ് വാട്‌സാപ് വാങ്ങാന്‍ കാരണമായതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.)
ഫെയസ്ബുക്കും അവര്‍ വാങ്ങിക്കൂട്ടിയ കമ്പനികളും അത്രമേല്‍ ശക്തി പ്രാപിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് എതിരാളികള്‍ അവരുടെ തന്നെ കമ്പനികളാണ്. എന്നു പറഞ്ഞാല്‍, ഫെയ്‌സ്ബുക് വാങ്ങിയ മറ്റൊരു കമ്പനിയാണ് ഇന്‍സ്റ്റഗ്രാം. അതിന്റെ ഇപ്പോഴത്തെ പ്രചാരം തുടര്‍ന്നാല്‍ ചിലപ്പോള്‍ ഫെയ്‌സ്ബുക്കിനേക്കാള്‍ ജനസമ്മതി നേടിയേക്കാം. അങ്ങനെ തോന്നിയപ്പോള്‍ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ചില തന്ത്രങ്ങളിറക്കി അതു സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി.
എതിരാളികള്‍ ഇല്ലാത്തതിനാല്‍ അവര്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെ വ്യാജവാര്‍ത്തകളും, വിദ്വേഷ ഉള്ളടക്കവും യഥേഷ്ടം പ്രചരിപ്പിക്കപ്പെടുന്നു. ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ അവരുടെ എല്ലാ സേവനങ്ങളും ഇത്തരം കണ്ടെന്റ് പ്രചരിപ്പിക്കുന്നു. മൊത്തം 300 കോടിയിലേറെ ആള്‍ക്കാരാണ് ഇവ ഉപയോഗിക്കുന്നത്.
∙ ഗൂഗിള്‍
തങ്ങളുടെ സേര്‍ച്ച് ആധിപത്യം നിലനിര്‍ത്താനായി തേഡ്പാര്‍ട്ടികളുടെ കൈയ്യില്‍ നിന്ന് വിവരങ്ങള്‍ സമ്മതം പോലും ചോദിക്കാതെ പിടിച്ചെടുത്തു. സേര്‍ച്ച് റിസള്‍ട്ടുകള്‍ മികച്ചതാക്കാന്‍ എന്ന ഭാവേനയാണ് ഇതു ചെയ്തത്. മറ്റു ചില സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ പ്രൊഡക്ടുകള്‍ക്ക് ഗുണം കിട്ടത്തക്ക രീതിയില്‍ പെരുമാറി. എതിരാളികള്‍ക്ക് നല്‍കാനുള്ളത് പിന്നില്‍ നിർത്തി.
ഉപയോക്താക്കള്‍ക്കു മുന്നില്‍ തങ്ങളാണ് ഏറ്റവും നല്ല സേര്‍ച്ച് എൻജിന്‍ എന്നു വരുത്തിത്തീര്‍ക്കാനുള്ള ഏതു ശ്രമം നടത്താനും അവര്‍ മടികാണിച്ചിട്ടില്ല. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളോട് ഗൂഗിള്‍ സേര്‍ച്ച് ഉപയോഗിക്കണമെന്നും, ഗൂഗിള്‍ പ്ലേ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുമുള്ള നിബന്ധന വച്ചു. ഐഫോണിലെ സഫാരിയില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിനാകാന്‍ ബില്ല്യന്‍ കണക്കിനു ഡോളറാണ് ചെലവിടുന്നത്. അവരുടെ സ്വന്തം ബ്രൗസറായ ക്രോമില്‍ സേര്‍ച്ച് എൻജിനില്‍ മാറ്റം വരുത്താതിരിക്കാന്‍ ഉള്ള ശ്രമങ്ങളും നടത്തിയതായി കണ്ടെത്തി.
ഒരു ബില്ല്യനിലേറെ ഉപയോക്താക്കളുള്ള 9 പ്രൊഡ്കടുകളാണ് ഗൂഗിളിനുള്ളത്. ഇവയിലെല്ലാം നിന്ന് ഉപയോക്താക്കളെക്കുറിച്ചുള്ള കുന്നു കണക്കിനു ഡേറ്റ ശേഖരിച്ച് ദോഷമറ്റ മാര്‍ക്കറ്റ് ബുദ്ധി സൃഷ്ടിക്കുന്നു. തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനായി അവര്‍ എന്തും ചെയ്യുന്നു. ഒരോരുത്തരും എന്തു സേവനങ്ങളാണ് ഉപയോഗിക്കുന്നത് എന്നതൊക്കെ കൃത്യമായ ട്രാക്കു ചെയ്ത് എതിരാളികളെ നിലംപരിശാക്കുന്നു.
∙ ആമസോണ്‍
ലോകത്തെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍, ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ് പ്ലെയ്‌സ് എന്നീ നിലകള്‍ ഉപയോഗിച്ച് എതിരാളികളെ തലപൊക്കാന്‍ അനുവദിക്കില്ല. ഡിജിറ്റല്‍ മേധാവിത്വത്തിന്റെ നിയമങ്ങള്‍ ഉണ്ടാക്കുന്നതു തന്നെ ആമസോണാണ്. ലോകത്തെമ്പാടുമായി 23 ലക്ഷം തേഡ് പാര്‍ട്ടി സെല്ലര്‍മാരാണ് ആമസോണിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. ഇവയില്‍ 37 ശതമാനം കമ്പനികളുടെയും പ്രധാന വരുമാന മാര്‍ഗം തന്നെ ആമസോണാണ്. ആ നിലയില്‍ നോക്കിയാല്‍ ഈ കമ്പനികളെ ആമസോണ്‍ തടവിലാക്കിയിരിക്കുകയാണ്. ആമസോണ്‍ ഇഷ്ടാനുസരണം മാറ്റുന്ന നിയമങ്ങള്‍ ഇവര്‍ക്കു ദോഷമായി ഭവിക്കാം.
ഡേറ്റയാണ് ഇനിയുള്ള കാലത്ത് ഏറ്റവും പ്രധാനം. ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയും പോലെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഡേറ്റാ ശേഖരിച്ച് അത് തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഏറ്റവുമധികം വില്‍ക്കുന്ന പ്രൊഡക്ട് ഏതാണെന്നു കണ്ടെത്തി, അതുപോലെ ഒരെണ്ണം വിലകുറച്ച് ഉണ്ടാക്കി വില്‍ക്കുന്നതും കമ്പനിയുടെ തന്ത്രങ്ങളില്‍ പ്രധാനമാണത്രെ. ആമസോണ്‍ പ്രാഥമികമായി ഒരു ഡേറ്റാ കമ്പനിയാണ്. അതു സാധനങ്ങളും വില്‍ക്കുന്നുണ്ട് എന്നേയുള്ളു, എന്നാണ് ആമസോണിന്റെ ഒരു മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തിയത്.
ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ ആമസോണ്‍ വെബ് സര്‍വീസസിന് പ്രഥമ സ്ഥാനത്തുണ്ട്. അവര്‍ ചില ഓപ്പണ്‍ സോഴ്‌സ് കമ്പനികളെ കെട്ടുകെട്ടിച്ചിട്ടുണ്ട്. തങ്ങള്‍ കുത്തിയിരുന്ന് പലതും വികസിപ്പിച്ചെടുക്കും. അപ്പോഴേക്കും ഏതെങ്കിലും വമ്പന്‍ കമ്പനി വന്ന് എല്ലാം അധീനതയിലാക്കും, ഒരു ഓപ്പണ്‍ സേവ്‌സ് എൻജിനീയര്‍ അന്വേഷണക്കമറ്റിയോടു പറഞ്ഞു.
∙ ആപ്പിള്‍
ഐഫോണ്‍ ആപ് മാര്‍ക്കറ്റ് പ്ലെയ്‌സിലാണ് ആപ്പിളിന്റെ ഗുണ്ടായിസം. ആപ്പുകള്‍ വികസിപ്പിക്കുന്നവരുടെ ചട്ടിയില്‍ കൈയ്യിട്ടു വാരുന്ന പ്രവണതയാണ് കമ്പനിയെ ഇപ്പോള്‍ നാണംകെടുത്തിയിരിക്കുന്നത്. ആപ് സ്റ്റോറില്‍ ഇടുന്ന ആപ്പുകള്‍ ഉണ്ടാക്കുന്ന ലാഭത്തിന്റെ 30 ശതമാനമാണ് ആപ്പിള്‍ നോക്കു കൂലിയായി വാങ്ങുന്നത് എന്നാണ് ആരോപണം. ഈ തുക 10 വര്‍ഷത്തിനു മുൻപ് ഇട്ടതാണ്. ഈ നയം മൂലം പല ആപ് ഡെവലപ്പര്‍മാരും നില്‍ക്കക്കള്ളിയില്ലാതെ തങ്ങളുടെ സേവനങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടതായി വരുന്നു. ആപ്പിളിനെ കണ്ടുപഠിച്ച ഗൂഗിളും തങ്ങളുടെ പ്ലേ സ്റ്റോറില്‍ ഇതേ ഗുണ്ടാപ്പിരിവു നടപ്പാക്കുന്നു.
എതിരാളികളെ ശിക്ഷിക്കുക പോലും ചെയ്യുന്നു. ആപ് സ്റ്റോറിലെ സേര്‍ച്ച് റിസള്‍ട്ടുകളില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കമ്പനികളുടെയും സേനവങ്ങളുടെയും ആപ്പുകള്‍ വളരെ താഴെയായിരിക്കും വരുന്നത് എന്നുറപ്പാക്കും. അതോടെ അവര്‍ക്ക് ഉപയോക്താക്കളുമായി ഇടപെടാനുള്ള അവസരം കുറയും. പലപ്പോഴും സുതാര്യമല്ലാത്ത ഈ നിയമങ്ങളെല്ലാം തന്നിഷ്ടപ്രകാരം ആപ്പിളങ്ങു നടപ്പാക്കുന്നു. തങ്ങള്‍ക്ക് സ്വന്തമായൊരു ആപ്പുണ്ടെങ്കില്‍ അതിന് പ്രാമുഖ്യം നല്‍കുന്ന പണിയും കമ്പനിക്കുണ്ട്. ഇത്തരം സേവനങ്ങള്‍ ഉപകരണങ്ങളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നു.