തേസ്പുര്‍ (അസം): 12 വയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഏഴ് ആണ്‍കുട്ടികള്‍ പിടിയിലായി. അസമിലെ ബിസ്വനാഥ് ജില്ലയിലാണ് സംഭവം.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. ഗോപുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ചക്ല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികളെയും ഞായറാഴ്ചതന്നെ പിടികൂടിയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു വരുത്തിയാണ് ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് 12 വയസുകാരിയെ ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിന് സമീപമുള്ള കാട്ടിലെ മരത്തില്‍ മൃതദേഹം കെട്ടിത്തൂക്കി. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.