വയനാട് കാട്ടിക്കുളം പനവലിയിൽ അന്ധവിശ്വാസത്തെത്തുടർന്ന് ആദിവാസി വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ ജ്യോത്സ്യനെ കേന്ദ്രീകരിച്ച് അന്വേഷണം. സമാനമായ 50ലധികം പൂജകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അന്ധവിശ്വാസത്തെത്തുടർന്ന് ആദിവാസി വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും തുടർ വിദ്യാഭ്യാസത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കളക്ടർ എ.ഗീത പറഞ്ഞു. സംഭവത്തിൽ വയനാട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോട് അടിയന്തര റിപ്പോർട്ട് തേടിയ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.
അന്ധവിശ്വാസം പറഞ്ഞു പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ എ.ഗീത പറഞ്ഞു. ഇതിനായി ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകും. കുടുതൽ നടപടി റിപ്പോർട്ട് കിട്ടിയ ശേഷം ഉണ്ടാകുമെന്നും ബാവകാശ കമ്മീഷനും അറിയിച്ചു. കുടുംബമായും കുട്ടികളുമായും ബാലാവകാശ കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു. ഒരാളുടെയും വിദ്യാഭ്യാസം മുടങ്ങില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് പറഞ്ഞു.