ബിജെപിയുടെ അക്കൗണ്ടിൽ 209 കോടി, കോണ്‍ഗ്രസിന് വെറും 2 കോടി; തെരഞ്ഞെടുപ്പ് ഫണ്ടിലും മോദി-അമിത്ഷാ സമ്പൂര്‍ണാധിപത്യം

0 705

രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ടിന്റെ മുഖ്യപങ്കും ലഭിക്കുന്നത് ബിജെപിക്ക്. രാജ്യത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഫണ്ടായ പ്രൂഡന്റ് ഇലക്ടോറൽ ട്രസ്റ്റില്‍നിന്ന് ഈ സാമ്പത്തിക വർഷം വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത് 245.7 കോടി രൂപയാണ്. ഇതിൽ 209 കോടിയും എത്തിയത് ബിജെപി അക്കൗണ്ടിൽ. കോൺഗ്രസിന് ലഭിച്ചത് വെറും രണ്ടു കോടി രൂപയാണ്!

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടു കോടിയുടെ മാത്രം വർധനവേ ബിജെപിക്ക് ലഭിച്ച സംഭാവനയിലുണ്ടായിട്ടുള്ളൂവെങ്കിലും കോൺഗ്രസിന്റെ വിഹിതത്തിൽ 93 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം 31 കോടി ലഭിച്ചിരുന്നിടത്തുനിന്ന് ഇത്തവണ വെറും രണ്ടു കോടിയായാണ് കുറഞ്ഞത്.

പ്രാദേശിക പാർട്ടിയായ ജനതാദളിന്(യുനൈറ്റഡ്-ജെഡിയു) 25 കോടി രൂപ ലഭിച്ചപ്പോഴാണ് കോൺഗ്രസിന്റെ ഈ സ്ഥിതി. പ്രൂഡന്റ് ഇലക്ടോറൽ ട്രസ്റ്റിന്റെ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടികളിൽ രണ്ടാം സ്ഥാനക്കാരാണ് ജെഡിയു. എൻസിപിക്കും കോൺഗ്രസിനെക്കാൾ ഉയർന്ന തുക ലഭിച്ചിട്ടുണ്ട്. അഞ്ചു കോടിയാണ് എൻസിപിക്ക് കിട്ടിയത്. രാഷ്ട്രീയ ജനതാദളിനും(ആർജെഡി) രണ്ടു കോടി ലഭിച്ചിട്ടുണ്ട്.