തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിപ്രകാരം തൃശൂര്‍ ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത നഗരമാവാന്‍ കുന്നംകുളം നഗരസഭ തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി 28നു നഗരസഭയോടു ചേര്‍ന്ന് 20 രൂപയ്ക്ക് ഉൗണു ലഭിക്കുന്ന കാന്റീന് തുറക്കും. ജില്ലയില്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഉൗണു ലഭിക്കുന്ന ആദ്യത്തെ സംരംഭം കൂടിയാണ് കുന്നംകുളത്ത് ആരംഭിക്കുന്നത്. രാവിലെ 11 ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീന്, കുന്നംകുളം നഗരസഭ ചെയര്പേഴ്സന് സീത രവീന്ദ്രന്, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ 500 പേര്‍ക്കു ഭക്ഷണം നല്‍കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ചോറ്, സാന്പാര്, ഉപ്പേരി, കൂട്ടുകറി, പപ്പടം എന്നിവയാണ് 20 രൂപയുടെ വിഭവങ്ങള്‍. എന്നാല്‍ ദിവസവും പണിയില്ലാതെ വരുന്നവരോ രോഗികളോ മറ്റ് അശരണരോ ആയ 10 പേര്‍ക്കുവീതം ഇതേ ഭക്ഷണം സൗജന്യമായി നല്‍കും.
രണ്ടുമണിക്കു ശേഷം വരുന്ന സാധാരണക്കാര്‍ക്ക് 20 രൂപയ്ക്ക് ഉൗണ് ലഭിക്കില്ല. ഭക്ഷണസമയത്ത് സ്പെഷല്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അതിനുള്ള വിലയും നല്‍കേണ്ടിവരും. നഗരസഭാ കവാടത്തോടു ചേര്‍ന്നാണ് കാന്റീന് പ്രവര്‍ത്തിക്കുക. വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ യൂണിറ്റ് മുഖേന ഭക്ഷണശാല നടത്തുന്നത്.
ഇതിനുള്ള പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്. കാന്റീന് നടത്തിപ്പിനായി നഗരസഭ 14 ലക്ഷം രൂപയാണ് ചെലവവഴിക്കുന്നത്. അടുക്കളയിലേക്കു വേണ്ട എല്ലാ സൗകര്യങ്ങളും തയാറായിക്കഴിഞ്ഞതായി നഗരസഭ ചെയര്പേഴ്സന് സീത രവീന്ദ്രന് അറിയിച്ചു. കാന്റീനില്‍ ഒരേസമയം 75 പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
കാന്റീനിനു പുറത്തെ മരത്തണലിലും ഇരുന്നു ഭക്ഷണം കഴിക്കാം. 20 രൂപയുടെ ഭക്ഷണത്തിനു സിവില്‍ സപ്ലൈസ് അഞ്ചു രൂപ സബ്സിഡി നല്‍കും. ഭക്ഷ്യവസ്തുക്കള്‍ അവര്‍തന്നെ നേരിട്ടെത്തിക്കും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സുഭിക്ഷ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള ഒരു കോടി രൂപയില്‍നിന്നാണ് ആദ്യഘട്ടമെന്നോണം കുന്നംകുളത്തെ ഇതിനായി തെരഞ്ഞെടുത്തത്.