21 ദിവസത്തെ അടച്ചിടല്‍: രാജ്യത്തിന് നഷ്ടം 9 ലക്ഷം കോടി രൂപ

0 1,381

 

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ‘അടച്ചിടല്‍’ ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് സാമ്ബത്തിക വിദഗ്ധര്‍. ലോക്ക്ഡൗണ്‍ കാരണം രാജ്യത്തിന് 120 ബില്യന്‍ ഡോളര്‍ (ഏകദേശം 9 ലക്ഷം കോടി) അല്ലെങ്കില്‍ ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 4 ശതമാനമോ നഷ്ടമുണ്ടാക്കുമെന്നാണു സാമ്ബത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വളര്‍ച്ചാ പ്രവചന നിരക്കുകള്‍ വെട്ടിക്കുറച്ച വിദഗ്ധര്‍, സര്‍ക്കാര്‍ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന നിലപാടിലാണ്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാപ്രവര്‍ത്തനങ്ങളും നിലച്ചു. ഉത്പാദനമേഖല പൂര്‍ണമായി സ്തംഭിച്ചു. ചരക്കുനീക്കം നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ട്രക്കുകള്‍ പലസ്ഥലത്തായി കെട്ടിക്കിടക്കുന്നു. ഈ സാഹചര്യത്തില്‍ മിക്ക ഗവേഷണ ഏജന്‍സികളും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ചു. 2021 സാമ്ബത്തിക വര്‍ഷം ഇന്ത്യയുടെ സാമ്ബത്തികവളര്‍ച്ച മുന്‍ അനുമാനത്തില്‍നിന്ന് 1.7 ശതമാനം കുറവായിരിക്കുമെന്ന് ബാര്‍ക്ലേയ്‌സ് പറയുന്നു. 3.5 ശതമാനമായി ജി.ഡി.പി. വളര്‍ച്ച കുറയുമെന്നാണ് കമ്ബനിയുടെ പുതിയ റിപ്പോര്‍ട്ട്.