കെല്‍ട്രോണില്‍ 23.77 കോടിയുടെ വികസന പദ്ധതികള്‍ ;ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0 124

കെല്‍ട്രോണില്‍ 23.77 കോടിയുടെ വികസന പദ്ധതികള്‍ ;ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കല്ല്യാശ്ശേരിയിലെ കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ പത്മഭൂഷണ്‍ ഡോ. കെ പി പി നമ്പ്യാര്‍ സ്മാരക മന്ദിരം ഉള്‍പ്പെടെ 23.77 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഫെബ്രുവരി 23) രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രണ്ട് കോടി  രൂപ  ചെലവില്‍  നിര്‍മ്മിച്ച  കെ പി പി  നമ്പ്യാര്‍ സ്മാരക മന്ദിരത്തില്‍ ഉണ്ണി കാനായി രൂപകല്‍പന ചെയ്ത ഏഴ് അടി ഉയരമുള്ള വെങ്കല പ്രതിമ ചടങ്ങില്‍ അനാച്ഛാദനം ചെയ്യും. കെ പി പി നമ്പ്യാരുടെ ശാസ്ത്ര വികസന ദര്‍ശനങ്ങള്‍, കെല്‍ട്രോണിന്റെയും ഇലക്ട്രോണിക്‌സിന്റെയും വളര്‍ച്ചയുടെ ഘട്ടങ്ങള്‍, സയന്‍സ് ഗാലറി, വിദ്യാര്‍ഥികളെ ശാസ്ത്ര നിരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനും  പ്രേരിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍, ഗവേഷണ പരീക്ഷണ ശാലകള്‍ എന്നിവയാണ് സ്മാരക മന്ദിരത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഈ കേന്ദ്രത്തെ സമ്പൂര്‍ണ്ണ ഇലക്ട്രോണിക്‌സ് ഗവേഷണ വിഭാഗമായി മാറ്റുകയാണ് ലക്ഷ്യം.
ഐഎസ്ആര്‍ഒ, സി മെറ്റ്, എന്‍എംആര്‍എല്‍ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെ 18 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പാദന കേന്ദ്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കൂടാതെ രണ്ടു കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച മെറ്റലൈസ്ഡ് പോളി പ്രൊപ്പലിന്‍ മോട്ടോര്‍ റണ്‍ കപ്പാസിറ്റര്‍ ഉല്‍പാദന കേന്ദ്രവും, 1.77 കോടി ചെലവ് വരുന്ന വെയര്‍ഹൗസ്, മെറ്റലൈസിങ്ങ് പ്ലാന്റ്, ടൂള്‍ റൂം, ആര്‍ ആന്റ് ഡി, ഐ ടി നവീകരണ പദ്ധതികളുടെ സമര്‍പ്പണവും നടക്കും.
കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനാകും. മന്ത്രിമാരായ എ കെ ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എംഎല്‍എമാരായ ടി വി രാജേഷ്, ജയിംസ് മാത്യു, കെ എം ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും.