സ്റ്റാലിന്‍റെ 23 വര്‍ഷങ്ങള്‍: ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യും

0 1,732

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ആത്മകഥയായ ‘ഉംഗളിൽ ഒരുവൻ’ ആദ്യ ഭാഗം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും. ഫെബ്രുവരി 28ന് ചെന്നൈയിലാണ് പുസ്തക പ്രകാശന ചടങ്ങ്.

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചെന്നൈ പുസ്തകോത്സവത്തിനിടെയാണ് തന്‍റെ ആത്മകഥാ പ്രകാശനത്തെ കുറിച്ച് സ്റ്റാലിന്‍ പറഞ്ഞത്.

സ്റ്റാലിന്‍റെ ജീവിതത്തിലെ ആദ്യ 23 വര്‍ഷങ്ങളെ കുറിച്ചാണ് (1976 വരെ) ആത്മകഥയുടെ ആദ്യ ഭാഗത്തുണ്ടാവുക. മിസ ആക്റ്റ് പ്രകാരം സ്റ്റാലിന്‍ തടങ്കലിലായ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് ആത്മകഥയില്‍ പരാമര്‍ശമുണ്ടാവും. 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര പാര്‍ട്ടികളുടെ ഐക്യത്തിനായി നീക്കം നടക്കുന്നതിനിടെയാണ് സ്റ്റാലിന്‍ ബി.ജെ.പി ഇതര നേതാക്കളെ അണിനിരത്തുന്നത്. ബി.ജെ.പി ഇതര സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നതിനിടെ ഡല്‍ഹിയില്‍ യോഗം വിളിക്കുന്നതിനെ കുറിച്ച് സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു.

പുലിതേവൻ, വീരപാണ്ഡ്യ കട്ടബൊമ്മൻ, വീരൻ സുന്ദരലിംഗം, മഹാകവി ഭാരതിയാർ, കപ്പലോട്ടിയ തമിഴൻ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരു കേൾക്കുമ്പോൾ തമിഴ്നാട്ടിലെ ജനങ്ങള്‍ അഭിമാനത്തോടെ തല ഉയര്‍ത്തിനില്‍ക്കുമെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. എന്നാൽ സ്വാതന്ത്ര്യ സമര സേനാനികളെ ഉള്‍പ്പെടുത്തിയ തമിഴ്നാടിന്‍റെ ടാബ്ലോയ്ക്ക് റിപബ്ലിക് ദിന പരേഡില്‍ അനുമതി ലഭിച്ചില്ല. എല്ലായ്‌പ്പോഴും തമിഴിനെയും തമിഴ്‌നാടിനെയും കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആ ടാബ്ലോ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ അഭ്യര്‍ഥിച്ചു. വിദഗ്ധ സമിതിയുടെ തീരുമാനമാണെന്ന് മറുപടി കിട്ടി. ടാബ്ലോ പിന്നീട് സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിക്കുകയും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തെന്ന് സ്റ്റാലിന്‍ പറഞ്ഞു. തിരുനെല്‍വേലിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.