ഐ.എസ്.ആർ.ഒയ്ക്ക് വീണ്ടും സുവർണ നേട്ടം. ബ്രിട്ടീഷ് കമ്പനിയായ വൺ വെബ് ലിമിറ്റഡിന്‍റെ 36 ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണത്തിൽ വിജയകരമായി ബഹിരാകാശത്തെത്തിച്ചു. ഇത് രണ്ടാം തവണയാണ് ഐ.എസ്.ആർ.ഒ വെബ് ഇന്ത്യയ്ക്കായി ദൗത്യം പൂർത്തിയാക്കിയത്.
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ രണ്ടാം ലോഞ്ച് പാഡ്. രാവിലെ 9 മണി. കൗണ്ട് ഡൗണിന് പിന്നാലെ ഐ.എസ്.ആര്‍.ഒയുടെ നാൽപത്തിമൂന്നര മീറ്റർ ഉയരമുള്ള പടുകൂറ്റൻ റോക്കറ്റ് എല്‍വിഎം3-എം2 കുതിച്ചുയർന്നു. ഒപ്പമുയർന്നത് 36 ഉപഗ്രഹങ്ങൾ. ഇസ്രോയുടെ സുവർണ നേട്ടങ്ങളിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി.
എംവിഎം എംടു വൺ വെബ് ലിമിറ്റഡ് മിഷൻ ടു എന്നായിരുന്നു ദൗത്യത്തിന്റേ പേര്. യു.കെ കേന്ദ്രമായ നെറ്റ്‍വര്‍ക്ക് ആക്സസ് അസോസിയേറ്റ്സിന്‍റെ അഥവാ വൺ വെബ് ലിമിറ്റഡിന്‍റെ സ്വപ്ന പദ്ധതിയുടെ ഭാഗമാണ് ഈ ഉപഗ്രഹങ്ങൾ. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡിന് വീണ്ടും വാണിജ്യ വിക്ഷേപണ വിജയം. ഭൂമിയുടെ 1200 കിലോമീറ്റർ അകലെയുള്ള താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ വിന്യസിച്ചത്.
ഖര, ദ്രാവക, ക്രയോജനിക് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റിന്റെ പ്രവർത്തനം. 10 ടൺ വരെ ഭാരം വഹിക്കാൻ ശേഷി. ഇന്ന് വഹിച്ചത് 5800 കിലോ. വിവിധ രാഷ്ട്രങ്ങളുടെയും വ്യാപാര വമ്പന്മാരുടെയും ഇന്റർനെറ്റ് കണക്ടിവിറ്റി കൈകാര്യം ചെയ്യുന്ന വൺ വെബ് ലിമിറ്റഡ് 648 ഉപഗ്രഹങ്ങളാണ് ശൂന്യാകാശത്ത് വിന്യസിക്കുന്നത്. ഇന്നത്തേത് പതിനെട്ടാം ദൗത്യമായിരുന്നു. ഇതിനകം വിക്ഷേപിച്ചത് 618 ഉപഗ്രഹങ്ങളാണ്