വെന്തുരുകി പാലക്കാട്‌: ചൂട്‌ 40 ഡിഗ്രി

0 118

വെന്തുരുകി പാലക്കാട്‌: ചൂട്‌ 40 ഡിഗ്രി

പാലക്കാട്‌: വേനല്‍ച്ചൂടില്‍ വെന്തുരുകി പാലക്കാട്‌. ജില്ലയിലെ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലെ താപമാപിനിയിലാണ്‌ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്‌ രേഖപ്പെടുത്തിയത്‌.
കുറഞ്ഞ താപനില 25 ഡിഗ്രിയും ആര്‍ദ്രത 40 ശതമാനവുമാണ്‌. പട്ടാമ്ബിയില്‍ 37 ഡിഗ്രിയാണ്‌ ഉയര്‍ന്ന താപനില. കുറഞ്ഞത്‌ 20.9 ഡിഗ്രി. ആര്‍ദ്രത രാവിലെ 80 ശതമാനവും വൈകീട്ട്‌ 30 ശതമാനവും രേഖപ്പെടുത്തി. തുടര്‍ച്ചയായി രണ്ടുദിവസം 39.5 ഡിഗ്രി രേഖപ്പെടുത്തിയ ശേഷമാണ്‌ ചൂട്‌ ഇന്നലെ 40 ഡിഗ്രിയില്‍ എത്തിയത്‌.
ഇത്തവണ ജനുവരി മുതല്‍തന്നെ ജില്ലയില്‍ കനത്ത ചൂടാണ്‌ അനുഭവപ്പെടുന്നത്‌. 38 ഡിഗ്രി ആയിരുന്നു ശരാശരി ചൂട്‌. മാര്‍ച്ച്‌ ആദ്യവാരം ഒറ്റപ്പെട്ട മഴ ലഭിച്ചത്‌ ആശ്വാസം തന്നെങ്കിലും പിന്നീട്‌ വര്‍ധിച്ചു. 2016 ലാണ്‌ ഇതിനുമുമ്ബ്‌ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്‌. 41.9 ഡിഗ്രി. 2015ല്‍ മലമ്ബുഴയില്‍ 41.5 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 13 ദിവസം 40 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. അഞ്ചു ദിവസം 41 ഡിഗ്രിയിലും എത്തി. ഏപ്രിലില്‍ എട്ട്‌ ദിവസം 40 ഡിഗ്രിയും രണ്ടു ദിവസം 41 ഡിഗ്രിയും രേഖപ്പെടുത്തി.
ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട്‌ ഇനിയും വര്‍ധിക്കാനുളള സാധ്യതയുണ്ടെന്ന്‌ മുണ്ടൂര്‍ ഐ.ആര്‍.ടി.സി. അധികൃതര്‍ വ്യക്‌തമാക്കി. ഇടമഴയ്‌ക്കും സാധ്യതയുണ്ട്‌. പാലക്കാട്‌ ചുരത്തില്‍നിന്നു വരണ്ട കാറ്റ്‌ വീശുന്നതും കൊയ്‌ത്ത്‌ കഴിയുന്നതോടെ പാടങ്ങളിലെ വെള്ളം വലിയുന്നതും ചൂട്‌ വര്‍ധിപ്പിക്കും. അതേസമയം ജില്ലയില്‍ നിലവില്‍ ഉഷ്‌ണതരംഗത്തിന്‌ സാധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞു.

Get real time updates directly on you device, subscribe now.