42 വർഷം മുമ്പ് പാലിൽ മായംചേർത്ത കേസ്; 85കാരൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

0 152

നാലുപതിറ്റാണ്ടുമുമ്പ്‌, മായംചേർത്ത പാൽ വിറ്റുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട 85 കാരൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് സ്വദേശി വീരേന്ദ്രസിങ്ങാണ് ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയത്.

ഹർജി വ്യാഴാഴ്ച കേൾക്കാമെന്ന് അവധിക്കാല ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മായംചേർത്ത പാൽ വിറ്റതിന് 1981 ഒക്ടോബർ ഏഴിനാണ് സിങ് അറസ്റ്റിലായത്. വിചാരണക്കോടതി ഒരുവർഷത്തെ കഠിനതടവും രണ്ടായിരം രൂപ പിഴയും വിധിച്ചു.1984 സെപ്റ്റംബറിലെ ഈ വിധിക്കെതിരെ സിങ് സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, സിങ്ങിന്റെ ശിക്ഷ സെഷൻസ് കോടതിയും ശരിവെക്കുകയായിരുന്നു.

ഹൈക്കോടതി ശിക്ഷ ആറുമാസമാക്കി കുറച്ചു. രണ്ടായിരം രൂപ പിഴയടയ്ക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു. ഈവർഷം ഏപ്രിൽ 20ന് സിംഗ് ജയിലിൽ ആവുകയും ചെയ്തു. ഇതേ തുടർന്നാണ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കൊപ്പം അടിയന്തര ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.