ലോക്ക് ഡൗൺ ലംഘിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങി – ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ രജിസ്റ്റർ ചെയ്തത് 53 കേസുകൾ
ലോക്ക് ഡൗൺ ലംഘിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങി – ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ രജിസ്റ്റർ ചെയ്തത് 53 കേസുകൾ
ഇരിട്ടി : ലോക്ക് ഡൗൺ ലംഘിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് പോലീസിന് തലവേദന സൃഷ്ടിച്ചു . ഇതോടെ കർശനമായ നിയന്ത്രണങ്ങളുമായി എത്തിയ പോലീസ് ഇരിട്ടി സബ് ഡിവിഷന് കീഴിൽ ഇത്തരക്കാർക്കെതിരെ 53 കേസുകൾ രജിസ്റ്റർ ചെയ്തു. ചില മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ദുരുപയോഗം ചെയ്താണ് ജനങ്ങൾ കൂട്ടത്തോടെ വാഹനവുമായി പുറത്തിറങ്ങിയത്. റെഡ് സോൺ മേഖലയിലുൾപ്പെടെ കടകൾ തുറക്കാമെന്നുള്ള പ്രഖ്യാപനങ്ങളാണ് ജനങ്ങളിൽ പുറത്തിറങ്ങാനുള്ള ത്വര സൃഷ്ടിച്ചത്. ഇതറിഞ്ഞ് പലരും ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ , കാർ തുടങ്ങിയ വാഹനങ്ങളുമായി രാവിലേ തന്നെ പുറത്തിറങ്ങി. ഇതോടെ രണ്ട് മാസത്തിന് ശേഷം ആദ്യമായി മണിക്കൂറുകളോളം ഇരിട്ടി പാലത്തിൽ ഗതാഗത സ്തംഭനമുണ്ടായി. ഇത് പോലീസ് അധികാരികളെ ഞെട്ടിച്ചു.
രാവിലെ തന്നെ ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, സി ഐ എ. കുട്ടികൃഷ്ണൻ, എസ് ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ പോലീസിന് ഗതാഗതം നിയന്ത്രിക്കാൻ രംഗത്ത് ഇറങ്ങേണ്ടി വന്നു. പലരെയും പറഞ്ഞ് ബോധ്യപ്പെടുത്തി മടക്കി അയച്ചു. ചിലർ ഹെൽമറ്റോ , മുഖാവരണങ്ങളോ ധരിക്കാതെ ആയിരുന്നു പുറത്തിറങ്ങിയത്. ഇത്തരക്കാർക്കെതിരേയാണ് പോലീസ് കേസെടുത്തത്. അനാവശ്യമായി പുറത്തിറങ്ങിയതാണെന്ന് കണ്ടെത്തിയവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പോലീസ് സബ് ഡിവിഷനിലെ ഇരിട്ടി , മട്ടന്നൂർ, പേരാവൂർ, ഉളിക്കൽ, കരിക്കോട്ടക്കരി, കീഴ്പ്പള്ളി മേഖലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാവിലെ തുടങ്ങിയ വാഹനത്തിരക്ക് ഉച്ചക്ക് 2 മണിവരെ നീണ്ടു. അതിന് ശേഷമാണ് അൽപ്പം ശമനമുണ്ടായത്.