എട്ടാംക്ലാസ് വരെ എല്ലാ കുട്ടികളെയും ഉയർന്ന ക്ലാസിലേക്ക് നേരിട്ട് പ്രവേശിപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

0 1,727

എട്ടാംക്ലാസ് വരെ എല്ലാ കുട്ടികളെയും ഉയർന്ന ക്ലാസിലേക്ക് നേരിട്ട് പ്രവേശിപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ സ്ഥാനക്കയറ്റ പട്ടിക 20നകം പ്രസിദ്ധീകരിക്കണമെന്ന് സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. എട്ടാംക്ലാസ് വരെ എല്ലാ കുട്ടികളെയും ഉയർന്ന ക്ലാസിലേക്ക് നേരിട്ട് പ്രവേശിപ്പിക്കാം.

ഒമ്പതാംക്ലാസിന് പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം നടത്തണം. അടച്ചുപൂട്ടൽകാരണം നടത്താനാകാത്ത ഒന്നാംഭാഷ രണ്ടാം പേപ്പർ, സാമൂഹ്യശാസ്ത്രം, കലാകായിക പ്രവൃത്തിപരിചയം എന്നിവയ്ക്ക് അർധ വാർഷിക പരീക്ഷയുടെ സ്കോർ പരിഗണിച്ച് സ്ഥാനക്കയറ്റം നൽകാം. അർധ വാർഷിക പരീക്ഷ എഴുതാത്തവർക്ക് പാദവാർഷിക പരീക്ഷയുടെ സ്കോർ പരിഗണിക്കാം. പാദ, അർധ വാർഷിക പരീക്ഷ എഴുതാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തി സ്ഥാനക്കയറ്റം നൽകാം. ഈ നടപടികൾ പ്രഥമാധ്യാപകരുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ( ഡിജിഇ) കെ ജീവൻ ബാബു നിർദേശിച്ചു.

സ്കൂളുകളിൽ പുതിയ വിദ്യാർഥി പ്രവേശന പ്രക്രിയ ഉടൻ ആരംഭിക്കും. പ്രധാനാധ്യാപകരോടും ഓഫീസ് ജീവനക്കാരോടും എത്താനും ഓഫീസ് പ്രവർത്തിപ്പിക്കാനും സർക്കാർ നേരത്തേ നിർദേശിച്ചിട്ടുണ്ട്. സ്കൂൾ പരിസര ശുചീകരണവും അണുവിമുക്തമാക്കൽ നടപടികളും പൂർത്തിയാകുന്ന മുറയ്ക്ക് പ്രവേശന പ്രക്രീയക്ക്‌ തുടക്കമാകും.