ആറളം ഫാം സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ സൈക്കിൾ

0 149

================

ഇരിട്ടി: പഠനം മുടങ്ങാതിരിക്കാന്‍ ജില്ലാ പഞ്ചായത്ത് വക ആറളം ഫാം സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിക്കൊണ്ട് പ്രയോജനം ഉണ്ടെന്ന് മനസിലാക്കിയാണ് ഇത്തവണ എട്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും സൈക്കിള്‍ നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.
നിരന്തരം കാട്ടാനശല്യം അനുഭവിക്കുന്ന ആറളം പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഫാം സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം യാത്രാക്ലേശമാണെന്ന് കണ്ടെത്തിയിരുന്നു. പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ പലപ്പോഴും കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു. ഗോത്രസാരഥി പദ്ധതിപ്രകാരം യാത്രാ സൗകര്യം ഉണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൈക്കിള്‍ നല്‍കിയതോടെ സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി. ഇതാണ് ഇത്തവണ എട്ടാം ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൈക്കിള്‍ നല്‍കാനുള്ള തീരുമാനം എടുക്കാൻ കാരണം .
ചൊവ്വാഴ്ച്ച സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് സൈക്കിളിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ഫാം സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന വിദ്യാര്‍ത്ഥി മുടങ്ങാതെ എട്ടാം ക്ലാസുവരെ പഠനം തുടര്‍ന്നാല്‍ സൈക്കിള്‍ ഉറപ്പാക്കാമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയപാലന്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, അജിത്ത് മാട്ടൂല്‍, പി.പി. ഷാജിര്‍, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, വൈസ്.പ്രസിഡന്റ് കെ.വേലായുധന്‍, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ കൊങ്ങോല, ഉപ വിദ്യാഭ്യാസ ഓഫീസർ വിജയലക്ഷ്മി പാലക്കുഴ, പി ടി എ പ്രസിഡന്റ് കെ.ബി. ഉത്തമന്‍, പ്രധമാധ്യാപിക എന്‍ .സുലോചന എന്നിവര്‍ സംസാരിച്ചു.