ഇൻസ്റ്റ​ഗ്രാം റീൽസ് ചിത്രീകരണത്തിനിടെ 20കാരൻ കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

0 547

റായ്പൂർ: ഇൻസ്റ്റ​ഗ്രാം റീൽസ് ചിത്രീകരണത്തിനായി കോളജ് കെട്ടിടത്തിന് മുകളിൽ കയറിയ വിദ്യാർഥി കാൽവഴുതി വീണ് മരിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ വെള്ളിയാഴ്ചയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.ഒന്നാം വർഷ ബാച്ച്ലർ ഓഫ് സയൻസ് വിദ്യാർഥിയായ അശുതോഷ് സാവോ ആണ് മരിച്ചത്.

തന്റെ അഞ്ച് സുഹൃത്തുക്കളോടൊപ്പം കോളജ് കെട്ടിടത്തിന്റെ ടെറസിലേക്ക് ഇൻസ്റ്റഗ്രാം റീലുകൾ ഷൂട്ട് ചെയ്യാൻ പോയതായിരുന്നു സാവോ. ചിത്രീകരണത്തിനായി സാവോ ടെറസിന്റെ അതിർത്തിമതിലിൽ നിന്ന് ജനലിനു മുകളിലുള്ള സൺഷേഡിലേക്ക് ചാടി. എന്നാൽ 20 അടി ഉയരത്തിൽ നിന്ന് കാൽ വഴുതി താഴെ വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

താഴെയുള്ള ഒരു കുറ്റിക്കാട്ടിലേക്കാണ് വിദ്യാർഥി വീണത്. ഉടൻ സുഹൃത്തുക്കൾ താഴെയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ സാവോ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാവോയും സുഹൃത്തുക്കളും ടെറസിൽ റീൽ ചെയ്യാൻ പദ്ധതിയിടുന്നതിന്റേതായി പുറത്തുവന്ന വീഡിയോ, ഇത്തരം അപകടസാധ്യതകൾ ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ബിലാസ്പൂർ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് സോഷ്യൽമീഡിയയിൽ പങ്കുവച്ചു.

‘ബിലാസ്പൂർ സയൻസ് കോളജ് കാമ്പസിൽ സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റഗ്രാം റീൽ ചെയ്യുന്നതിനിടെ ഒരു യുവാവ് വീണു. അവനെ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. എല്ലായ്‌പ്പോഴും ജാഗ്രത ആവശ്യമാണ്’- അദ്ദേഹം വിശദമാക്കി.