വയനാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

0 616

വയനാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 03 ന് രാവിലെ 9 മണി മുതല്‍ ഒക്ടോബര്‍ 31 വരെ ജില്ലാകലക്ടര്‍ അദീല അബ്ദുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോവിഡ് രോഗ വ്യാപനം ഇനിയും കൂടുന്നത് ജനങ്ങളുടെ ജീവന് അപകടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകളക്ടര്‍ 144 പ്രഖ്യാപിച്ചത്.

പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുവാന്‍ പാടില്ല.വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.സര്‍ക്കാര്‍ പരിപാടികള്‍,സാമൂഹിക,രാഷ്ട്രീയ,സാംസ്‌കാരിക,മത ചടങ്ങുകള്‍ എന്നിവയില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല.ജോലി സ്ഥലങ്ങള്‍,ഓഫീസുകള്‍,വാണിജ്യ,വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണം.

നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പരീക്ഷകള്‍ക്ക് തടസമുണ്ടാകില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍, അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

കണ്ടൈന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.എല്ലാ മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍ഡുകളും മറ്റ് പൊതു സ്ഥലങ്ങളും ദിവസത്തില്‍ ഒരിക്കലെങ്കിലും അണുവിമുക്തമാക്കുന്നുണ്ടെന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഉറപ്പാക്കണമെന്നും നിരോധന ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.കളിസ്ഥലങ്ങള്‍,ടര്‍ഫ്,ജിംനേഷ്യം,യോഗ/ഫിറ്റ്‌നസ് സെന്റര്‍, സ്വിമ്മിങ് പൂള്‍, സിനിമ തിയേറ്റര്‍, ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും.