ഇടുക്കിയിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

0 741

ഇടുക്കി: ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴ് മണിക്കാണ് ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. അരിക്കൊമ്പൻ എന്ന ആനയാണ് ശക്തിവേലിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

ആനയെ ഓടിക്കാൻ പോയ ശക്‌തിവേൽ ഏറെ നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ശക്തിവേലിന്‍റെ മൃതദേഹം കണ്ടെത്തിയത്. വനപാലകരെത്തി ശക്തിവേലിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അരിക്കൊമ്പൻ ഇതുവരെ പത്തോളം പേരെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരമായി എത്തുന്ന കാട്ടാനകുട്ടം പ്രദേശത്ത് നിരവധി നാശനഷ്ടങ്ങളും വിതച്ചിട്ടുണ്ട്. ഒരു കൊല്ലത്തിനിടയിൽ ഏഴ് തവണ പ്രദേശത്തെ റേഷൻകട കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. കാട്ടാനശല്യത്തിനെതിരെ നേരത്തെയും പ്രതിഷേധവുമായി നാട്ടുകാർ എത്തിയിരുന്നു.