മിണ്ടാപ്രാണിക്ക് തുണയായി ഒരു കൂട്ടം യുവാക്കൾ ; സഹജീവി സ്നേഹത്തിന് ഒരുദാഹരണം

0 353

മാനന്തവാടി: കഴുത്തില്‍ ചങ്ങല കുരുങ്ങി പ്രാണവേദനയനുഭവിച്ച് ജീവിച്ച മിണ്ടാപ്രാണിക്ക് തുണയായി ഒരു കൂട്ടം യുവാക്കളും, പാണ്ടിക്കടവിലെ ഓള്‍ പെറ്റ്സ് ക്ലിനിക്ക് ഉടമയും ജീവനക്കാരും മാറുന്ന സഹജീവി സ്നേഹത്തിന്റെ കാഴ്ചയാണ് ഇന്ന് രാവിലെ മാനന്തവാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ടത്. രാവിലെ വ്യായാമം ചെയ്യാനെത്തിയ യുവാക്കളാണ് കഴുത്തില്‍ ചങ്ങല കുടുങ്ങി മുറിഞ്ഞ് പഴുത്തു കിടക്കുന്ന രീതിയിലുള്ള നായയെ കണ്ടത്.

തുടര്‍ന്ന് അവര്‍ തൊട്ടടുത്തുള്ള സാസ് പെറ്റ് ഷോപ്പില്‍ വിവരമറിയിക്കുകയും ഷോപ്പുടമ വന്ന് ചങ്ങല കട്ട് ചെയ്യുകയും ചെയ്തെങ്കിലും വളരെ മുന്‍പ് ഉണ്ടായ മുറിവായതിനാല്‍ ചങ്ങല ഇറച്ചിക്കുള്ളില്‍ കുടുങ്ങിപ്പോയ നിലയിലായിരുന്നു. ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചെങ്കിലും ഒന്നും ചെയ്യാനാവാതെ അവരും വന്ന് മടങ്ങി. തുടര്‍ന്നാണ് ഓള്‍ പെറ്റ്സ് ക്ലിനിക്ക് ഉടമയെ വിവരമറിയിക്കുകയും അദ്ദേഹം ഡോക്ടറും സഹായിയുമടക്കം ഉടന്‍ തന്നെ സ്ഥലത്തെത്തി നായയെ മയക്കി ഓപ്പറേഷന്‍ ചെയ്ത് ചങ്ങല മുഴുവനായി പുറത്തെടുത്ത് മുറിവ് തുന്നി വിടുകയും ചെയ്തു.