പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവിന് വധശിക്ഷ

0 303

പൽവാൾ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് വധശിക്ഷ വിധിച്ചു. ഹരിയാനയിലെ പൽവാലിൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതി 15,000 രൂപ പിഴയും നൽകണം. ഇതിന് പുറമെ അതിജീവിതക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിട്ടുണ്ട്.

അമ്മ മരിച്ച പെണ്‍കുട്ടിയെ മൂന്നു വർഷം തുടർച്ചയായി പിതാവ് പീഡിപ്പിച്ചെന്ന് അതിജീവിത പൽവാലിലെ വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഗര്‍ഭിണിയായപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം തന്‍റെ മുത്തശ്ശിയോട് പറഞ്ഞതെന്ന് ജില്ലാ അറ്റോര്‍ണി വികാസ് ശര്‍മ്മ പറഞ്ഞു.

2020 ഒക്ടോബർ 3 നാണ് പ്രതിയെ പിടികൂടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ പെൺകുട്ടിക്ക് 15 വയസും നാല് മാസം ഗർഭിണിയായിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. 16-ാം വയസിൽ ഒരു പെൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. ഡി.എൻ.എ പരിശോധന നടത്തിയപ്പോൾ കുഞ്ഞിന്റെ ഡി.എൻ.എക്ക് പ്രതിയുടേതുമായി സാമ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു എൻജിഒ ഇപ്പോള്‍ കുട്ടിയെ ദത്തെടുത്തിരിക്കുകയാണ്.