ബാല്‍ക്കണിയില്‍ വീണ സാരിയെടുക്കാന്‍ പത്താം നിലയില്‍ നിന്നും മകനെ ബെഡ് ഷീറ്റില്‍ കെട്ടിയിറക്കി അമ്മ; ഞെട്ടിപ്പിക്കുന്ന വീഡിയോ

1,457

വലിയ കെട്ടിടങ്ങളില്‍ നിന്നും കുട്ടികള്‍ വീഴുന്ന നിര്‍ഭാഗ്യകരമായ പല സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. കുട്ടികളെ അത്തരം അപകടകരമായ സാഹചര്യത്തില്‍ നിന്നും പരമാവധി മാറ്റിനിര്‍ത്തുകയാണ് പതിവ്. എന്നാല്‍ ഒരു അമ്മ സ്വന്തം മകനെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് കെട്ടിയിറക്കുന്ന സംഭവം എപ്പോഴെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടർ 82ലെ സൊസൈറ്റിയിലാണ് സംഭവം. എതിർ ഭാഗത്തുള്ള കെട്ടിടത്തിലെ താമസക്കാരനാണ് വീഡിയോ പകർത്തിയത്.

ഒമ്പതാം നിലയിലെ പൂട്ടിക്കിടക്കുന്ന വീടിന്‍റെ ബാൽക്കണിയിൽ വീണ സാരി എടുക്കാനാണ് പത്താം നിലയില്‍ നിന്നും മകനെ അമ്മയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് ബെഡ്ഷീറ്റില്‍ താഴേക്കിറക്കിയത്. ബെഡ് ഷീറ്റ് കയര്‍ പോലെ പിരിച്ചശേഷമാണ് മകനെ അതിലൂടെ താഴേക്ക് ഇറക്കിയത്. തുടര്‍ന്ന് സാരിയെടുത്ത ശേഷം അമ്മയും മറ്റുള്ളവരും ചേര്‍ന്ന് മകനെ വലിച്ചു കയറ്റുന്നതും വീഡിയോയില്‍ കാണാം. കുട്ടി അപകടമൊന്നും കൂടാതെ തിരിച്ചുകയറിയത് ഭാഗ്യമെന്നേ പറയാനാകൂ.

പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് സാരി തിരിച്ചെടുക്കാന്‍ യുവതി ആരുടെയും സഹായമോ ഉപദേശമോ തേടാതെ സ്വയം തീരുമാനിച്ച് മകന്‍റെ ജീവൻ അപായപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അയൽവാസികളിൽ ഒരാൾ പറഞ്ഞു. ഇത്തരം ഒരു കാര്യം ചെയ്യുന്നതിനു മുന്‍പ് ഹൌസിംഗ് അസോസിയേഷനുമായി ബന്ധപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അസോസിയേഷന്‍ യുവതിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ തന്‍റെ തീരുമാനത്തില്‍ ഖേദിക്കുന്നതായി യുവതി പറഞ്ഞു.