കണ്ണൂര്‍: പൊതുപരിപാടികളില്‍ ആനകളെ എഴുന്നള്ളിക്കുന്നതു നിരോധിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ സജീവ പരിഗണയിലാണെന്ന് വനം വകുപ്പ് അധികൃതര്‍. നാട്ടാനകളെ വാടകയ്ക്കു നല്കുന്നതു വിലക്കണമെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂറി അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ച തുടങ്ങി. സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്കും സ്വകാര്യ ചടങ്ങുകള്‍ക്കും ഉത്സവങ്ങളിലും ആനകളെ എഴുന്നള്ളിക്കുന്നത് വിലക്കണമെന്നു കാണിച്ചാണ് കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുള്ളത്. നാട്ടാനകള്‍ ചെരിയുന്നത് പതിവായ സാഹചര്യത്തിലും പരിപാലനത്തിലെ വീഴ്ചയും ക്രൂരതയും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലുമാണ് പൊതുപരിപാടികളില്‍ ആനകളെ എഴുന്നള്ളിക്കുന്നതു നിരോധിക്കണമെന്ന ആവശ്യം ഉയരുന്നത്.
കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ രാവിലെ 10 മുതല്‍ നാലു വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് നിരോധന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ വേനല്‍ക്കാലം തീരുന്നതുവരെ തുറസായ സ്ഥലങ്ങളില്‍ ആനകളെ നിര്‍ത്തുന്നതും നിരോധിച്ചിട്ടുണ്ട്.
നിലവിലുള്ള നിയന്ത്രണങ്ങള്‍ ആഘോഷ കമ്മിറ്റികളെ കൃത്യമായി ബോധ്യപ്പെടുത്താന്‍ വനം വകുപ്പ് അധികൃതര്‍ ജനുവരി മുതല്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ നിര്‍ദേശം അവഗണിക്കുന്നവര്ക്കെതിരേ കര്‍ശന നടപടി തുടങ്ങിക്കഴിഞ്ഞു. ആനകളെ വില്‍ക്കുന്നതിനും ഏതെങ്കിലും തരത്തില്‍ കൈമാറ്റം ചെയ്യുന്നതിനും വന്യജീവി സംരക്ഷണ നിയമം കര്‍ശനമാക്കാനും വനം വകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്.