ശാന്തിഗിരിയിലെ ജനവാസ കേന്ദ്രത്തിലേക്ക് കടന്ന കാട്ടാനകളെ വനപാലകർ തുരത്തി

0 732

 


ശാന്തിഗിരിയിലെ ജനവാസ കേന്ദ്രത്തിലേക്ക് കടന്ന കാട്ടാനകളെ വനപാലകർ തുരത്തി. കഴിഞ്ഞ നാലുദിവസങ്ങളായി പ്രദേശത്ത് കാട്ടാനയെത്തി കൃഷി നശിപ്പിക്കുകയും ഭീതി വിതയ്ക്കുകയും ചെയ്തതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. ആറളം വന്യ ജീവി സങ്കേതം നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ, കൊട്ടിയൂർ സെക്ഷൻ വനപാലകർ, റാപ്പിഡ് റസ്പോൺസ് ടീം എത്തിയാണ് ശാന്തിഗിരിയിലെ കൃഷിയിടത്തിലേക്ക് കടന്ന കാട്ടാനകളെ കൊട്ടിയൂർ വനത്തിലേക്ക് തുരത്തിയത്.


രാജൻ അട്ടക്കുളം, ടോമി പുത്തൻപുര, തമ്പാൻ ലക്ഷമി നിവാസ്, ഐപ്പ് കോക്കണ്ടത്തിൽ, തുടങ്ങിയവരുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടാനയെത്തി കൃഷി നാശമുണ്ടാക്കിയത്. തെങ്ങ്, വാഴ, കുരുമുളക് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. പ്രദേശത്ത് വൈദ്യുത വേലികൾ തകർന്നു കിടക്കുന്നത് കാട്ടാനയെത്താൻ എളുപ്പമാക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനകൾ ജനജീവിതത്തിന് ഭീഷണിയാവുന്നത് തടയാൻ അവയെ വനത്തിലേക്ക് തുരത്തുന്നതിന് നടപടികൾ ഊർജിതമാക്കിയതായി ആറളം വന്യജീവി സങ്കേതം വാർഡൻ എ.ഷജ്ന അറിയിച്ചു.