ആന കുഴഞ്ഞുവീണത് പാപ്പാന്മാര്‍ക്ക് മേലെ; നാലു പേര്‍ക്ക് പരിക്ക്

0 157

 

പാലക്കാട്: കുഴഞ്ഞുവീണ ആനയുടെ അടിയില്‍പ്പെട്ട് പാപ്പാന്‍മാര്‍ക്ക് പരിക്ക്. തിരുവേഗപ്പുറയില്‍ പിപിടി നമ്ബൂതിരിയുടെ ഉടമസ്ഥതയിലുള്ള തിരുവേഗപ്പുറ പത്മനാഭന്‍ എന്ന ആനയാണ് കുഴഞ്ഞുവീണത്. പാപ്പാന്‍മാരടക്കമുള്ള നാലുപേരുടെ മേലേക്കാണ് ആന വീണത്. തുടര്‍ന്ന് ആന ചരിഞ്ഞു.

അസുഖബാധിതനായിരുന്ന ആനയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് വിദ​ഗ്ധ ചികിത്സക്കായി മാറ്റുന്നതിനിടെ തിരുവേഗപ്പുറയില്‍ വെച്ചാണ് സംഭവമുണ്ടായത്. തിരുവേഗപ്പുറ സ്വദേശികളായ ശ്രീരാഗ്, സനല്‍, രാഗേഷ്, രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്ക്. രണ്ടു പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. നാലുപേരും വളാഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.

ആനയ്ക്ക് രണ്ട് ദിവസമായി ഇരണ്ടക്കെട്ടുണ്ട്. തൂതപ്പുഴ കടവിന്റെ ഇടവഴിയിലാണ് ആനയെ തളച്ചിരുന്നത്‌. അവിടെ വെച്ചാണ് ആനയ്ക്ക്‌ ചികിത്സ നല്‍കിയിരുന്നത്. വിദഗ്ധചികിത്സ നല്‍കാന്‍ മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടയില്‍ ആന കുഴഞ്ഞു വീഴുകയായിരുന്നു.