അവിനാശിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷൂറന്‍ ആനുകൂല്യം; നടപടി ഉടന്‍

0 93

 

തിരുവനന്തപുരം: അവിനാശി കെ.എസ്.ആര്‍.ടി.സി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്ന നടപടികള്‍ക്ക് കെ.എസ്.ആര്‍. ടി.സി ഉദ്യോഗസ്ഥരെ നിയമിച്ചു. മരിച്ചവരുടെ വീടുകളിലെത്തി രേഖകള്‍ സമാഹരിക്കുകയാണ് ഇവരുടെ ചുമതല. സാധ്യമാകും വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സാമ്ബത്തിക പ്രതിസന്ധി മൂലം ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും സമയത്ത് വിതരണം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലും ഇന്‍ഷുറന്‍സ് കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി വീഴ്ച വരുത്താതിരുന്നതിനാലാണ് വേഗം സഹായം പ്രഖ്യാപിക്കാനായത്.

ന്യൂ ഇന്ത്യ അഷുറന്‍സ് കമ്ബനിയുമായി ചേര്‍ന്നാണ് ഇന്‍ഷുറന്‍സ് പദ്ധതി. പ്രതിവര്‍ഷം മൂന്ന് കോടി രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയമായി കെ.എസ്.ആര്‍.ടി.സി അടയ്ക്കുന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. രേഖകള്‍ സമര്‍പ്പിച്ച്‌ നടപടി പൂര്‍ത്തിയാകും മുമ്ബ് തന്നെ രണ്ടു ലക്ഷം രൂപ നല്‍കും. മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 30 ലക്ഷം ലഭിക്കും. പുറമെ, വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ (എം.എ.സി.ടി) മുഖേന സാധാരണ നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം.

പരിക്കേറ്റവര്‍ക്ക് പരിക്കിന്റെ തോതനുസരിച്ച്‌ പരമാവധി മൂന്നു ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കാനും വ്യവസ്ഥയുണ്ട്. റിസര്‍വ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ഹാജരാക്കേണ്ടതില്ല. ചാര്‍ട്ട് അധികാരിക രേഖയായി പരിഗണിക്കും. അപകടം സംബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടര്‍ ചീഫ് ഓഫിസിലെ ഇന്‍ഷുറന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് കൈമാറും. ഈ റിപ്പോര്‍ട്ട് ഇന്‍ഷുറന്‍സ് കമ്ബനിക്ക് കൈമാറിയാല്‍ പണം നല്‍കാനാകും. യാത്രക്കാര്‍ക്ക് ഇരട്ട ഇന്‍ഷുറന്‍സ് പരിരക്ഷയും ജീവനക്കാര്‍ക്ക് മൂന്നു ഇന്‍ഷുറന്‍സ് പരിരക്ഷയുമാണുള്ളത്.

അപകട ഇന്‍ഷുറന്‍സ് സെസില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപ നല്‍കുന്നത്.റിസര്‍വ്ഡ് യാത്രക്കാരില്‍നിന്ന് ഒരു രൂപ വീതം ഇന്‍ഷുറന്‍സ് സെസായി വാങ്ങുന്നുണ്ട്. റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ മരിച്ചാല്‍ അഞ്ചു ലക്ഷം രൂപ കിട്ടും. റിസര്‍വ് യാത്രക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് ജീവനക്കാരും അര്‍ഹരാണ്. ഇതിനു പുറമെ ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്നുള്ള വിഹിതമടച്ച്‌ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്.