ഹാജരാകാത്തത് ആരോഗ്യപരമായ കാരണങ്ങളാല്‍; ഞാനുള്ളത് കൊണ്ട് മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല’; മധു കേസിലെ പ്രോസിക്യൂട്ടര്‍ വി.ടി.രഘുനാഥ്
ഹാജരാകാത്തത് ആരോഗ്യപരമായ കാരണങ്ങളാല്‍; ഞാനുള്ളത് കൊണ്ട് മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല’; മധു കേസിലെ പ്രോസിക്യൂട്ടര്‍ വി.ടി.രഘുനാഥ്
അട്ടപ്പാടിയില്‍ മധു കൊലപാതക കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വിമര്‍ശനം നേരിട്ട സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തിലാണ് പല സമയത്തും എത്താന്‍ കഴിയാത്തതെന്നും പകരം അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നെന്നും വി ടി രഘുനാഥ് പറഞ്ഞു. കേസില്‍ പ്രതികള്‍ക്ക് നല്‍കേണ്ട ഡിജിറ്റല്‍ തെളിവുകളുടെ കോപ്പി പൊലീസ് നല്‍കാന്‍ കാലതാമസം നേരിടുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍
പറഞ്ഞു.( vt raghunath)
‘2019 അവസാന കാലത്താണ് മധു കേസില്‍ എന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. രണ്ടുതവണ ഞാന്‍ കേസില്‍ വിചാരണ വേളയില്‍ ഹാജരായി. പിന്നെ രണ്ടോ മൂന്നോ തവണ എനിക്ക് വേണ്ടി ശ്രീജിത്ത് എന്ന പാലക്കാട് നിന്നുള്ളയാളാണ് ഹാജരായത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി എത്തിപ്പെടാന്‍ സാധിക്കാതിരുന്നതിനാലാണ് എന്റെ തന്നെ നിര്‍ദേശ പ്രകാരം അദ്ദേഹം എത്തിയത്.
ഇപ്പോള്‍ വരുന്ന മാധ്യമവാര്‍ത്തകള്‍ കണ്ടാല്‍ എനിക്കാ കേസുമായി ഒരു ബന്ധവുമില്ലെന്നും ഇതുവരെയും ഹാജരായിട്ടില്ലെന്നുമാണ് തോന്നുന്നത്. അത് തെറ്റാണെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. കേസിന്റെ ആദ്യ രൂപത്തില്‍ പൊലീസ് ചാര്‍ജ് ഷീറ്റിനൊപ്പം നല്‍കേണ്ടിയിരുന്ന മുഴുവന്‍ ഡിജിറ്റല്‍ രേഖകളുടെയും കോപ്പി പ്രതികള്‍ക്ക് നല്‍കിയിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഈ തെളിവുകളുടെ രേഖകള്‍ ഓരോരുത്തര്‍ക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ തെളിവുകളുടെ കോപ്പി ആവശ്യപ്പെട്ടത് പ്രകാരം പ്രതികള്‍ക്ക് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ ഞാനാവശ്യപ്പെട്ടു. അതിനുശേഷമേ വിചാരണയിലേക്ക് കടക്കാനും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാനുമൊക്കെയുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാനാകൂ. എന്നാല്‍ പൊലീസ് ഇതുവരെ ആ കോപ്പികള്‍ നല്‍കിയിട്ടില്ല. ഇതിന് കാലതാമസം നേരിടുകയാണ്.
‘ഞാനും അന്വേഷണ ഉദ്യോഗസ്ഥരും കൂടി തൃശൂരില്‍ ക്യാമ്പ് ചെയ്ത് മുന്‍പോട്ട് ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയെന്ന് പഠിച്ച് കേസില്‍ ഒരു തുടരന്വേഷണത്തിന് ഞാന്‍ ശുപാര്‍ശ ചെയ്തു. അതിനായി മൂന്ന് മഹസറുകള്‍ തയ്യാറാക്കണമായിരുന്നു. അതിന് പൊലീസ് കുറച്ച് കാലതാമസമെടുത്തു. അപ്പോഴേക്കും കൊവിഡ് നിയന്ത്രണങ്ങളുണ്ടായി. ഈ സമയത്ത് പ്രോസിക്യൂട്ടര്‍ മാത്രം കോടതിയിലെത്തിയത് കൊണ്ട് ഒന്നും നടക്കില്ല. കോടതികള്‍ വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു അത്. കേസിലെ 16 പ്രതികളും അവര്‍ക്ക് വേണ്ടി ഹാജരാകുന്ന വക്കീലന്മാരും എത്തണം. ഇതും നടന്നില്ലെന്ന് മാത്രമല്ല, ഡിജിറ്റല്‍ തെളിവുകളും നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് വസ്തുത. കേസ് പരിഗണിക്കുന്ന മറ്റ് പല ഘട്ടങ്ങളിലും എനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിട്ടാണ് വിട്ടുനിന്നത്. കണ്ണിന് രണ്ട് തവണ സര്‍ജറി വേണ്ടിവന്നു. ഇത്രയധികം കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ദീര്‍ഘനാളുകള്‍ കോടതി പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഞാന്‍ കോടതിയിലെത്തിയത് കൊണ്ട് മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാനാകില്ല’.’