ഹൈടെക് ക്യാമറ അനാഥമായിട്ട് ആറ് മാസം; കണ്ടഭാവമില്ലാതെ അധികൃതര്‍

0 212

ഹൈടെക് ക്യാമറ അനാഥമായിട്ട് ആറ് മാസം; കണ്ടഭാവമില്ലാതെ അധികൃതര്‍

പാപ്പിനിശ്ശേരി : ആറുമാസം മുന്‍പ് വാഹനമിടിച്ചിട്ട ചുങ്കം ദേശീയപാതയ്ക്കരികിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഹൈടെക് നിരീക്ഷണ ക്യാമറ അനാഥമായി കിടക്കുന്നു. 2019 സപ്തംബര്‍ എട്ടിന് പുലര്‍ച്ചെയാണ് പച്ചക്കറി കയറ്റിവരികയായിരുന്നു പിക്കപ്പ് ലോറി ക്യാമറയുടെ തൂണിടിച്ച്‌ തകര്‍ത്തത്. ഏതാനും ദിവസത്തിനുശേഷം അധികൃതരെത്തി നിരീക്ഷണ ക്യാമറ പഴയ പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച്‌ പൊതിഞ്ഞ് കെട്ടിവച്ചെങ്കിലും പിന്നീടാരും തിരിഞ്ഞുനോക്കിയിട്ടില്ല.

അമിതവേഗം നിയന്ത്രിക്കാനും പാത അപകടരഹിതമാക്കാനുമാണ് ക്യാമറ സ്ഥാപിച്ചതെങ്കിലും മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിപ്പുകേടുമൂലം ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയാണ് നശിച്ചത്

വളരെ വേഗത്തില്‍ പോകുന്ന വണ്ടിയുടെ ചേസിസ് നമ്ബര്‍ വരെ ക്യാമറക്കണ്ണുകൊണ്ട് ഒപ്പിയെടുക്കാന്‍ ശേഷിയുള്ളതായിരുന്നു കെല്‍ട്രോണ്‍ സ്ഥാപിച്ച ക്യാമറ. കൂടാതെ വാഹന ഉടമകളുടെ മുഴുവന്‍ വിവരവും അതത് പോലീസ് സ്റ്റേഷനില്‍ അപ്പോള്‍ത്തന്നെ സാറ്റലൈറ്റ് വഴി എത്തിച്ചുകൊടുക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. പാപ്പിനിശ്ശേരിയിലടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ തുടര്‍പ്രവര്‍ത്തനമില്ലാത്ത വകുപ്പിന്റെ തെളിവായി ക്യാമറ ഇന്നും പാതയ്ക്കരികില്‍ കിടക്കുന്നു.