ജില്ലയിലേക്ക് എല്ലാ റോഡുകളിലൂടെയും പ്രവേശനം അനുവദിക്കും; കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

0 304

ജില്ലയിലേക്ക് എല്ലാ റോഡുകളിലൂടെയും പ്രവേശനം അനുവദിക്കും; കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാതൊരു വിധ നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ജില്ലയിലേക്ക് പ്രവേശിക്കാവുന്ന എല്ലാ റോഡുകളിലൂടെയും വ്യക്തികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു. യാത്രക്കാര്‍ കോവിഡ് -19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് മാത്രം പോലിസ് പരിശോധിക്കേണ്ടതും മറ്റ് തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലാത്തതുമാണ്.
ഇത്തരത്തില്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ ക്വാറന്റീനില്‍ പോവേണ്ടതാണെങ്കില്‍ അത്തരക്കാരെ അതത് ഗ്രാമപഞ്ചായത്ത്, മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ ബന്ധപ്പെടേണ്ടതും ക്വാറന്റീന്‍ ഉറപ്പുവരുത്തേണ്ടതുമാണ്.

നിലിവില്‍ മുത്തങ്ങയിലുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ ചരക്കു വാഹനങ്ങളെ തടയാനോ പാസ് ആവശ്യപെടാനോ പാടില്ലെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് ആവശ്യമെങ്കില്‍ ആമ്പുലന്‍സ് ഓണ്‍ കോളില്‍ സൂല്‍ത്താന്‍ ബത്തേരി താലുക്ക് ആശുപത്രയില്‍ നിന്നും അനുവദിക്കും. മാനന്തവാടി താലുക്കിലെ ബാവലി, കുട്ട എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് സജ്ജമാക്കണം. ഇതിനായി ജില്ലാ നിര്‍മ്മിതി കേന്ദ്ര ആവശ്യമായ കെട്ടിടം പണിത് നല്കണം. കുട്ട, ബാവലി എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ടെസ്റ്റിംഗ് സ്ഥലത്ത് ആവശ്യമായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയമിക്കണം. എന്നാല്‍ ഇത്തരത്തില്‍ കടന്ന് വരുന്ന യാത്രക്കാരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും.

നീലഗിരി ജില്ലയില്‍ നിന്നും ജില്ലയില്ലേക്ക് പ്രവേശിക്കുനവര്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ അവരെ മുത്തങ്ങ ഫെസിലേറ്റേഷന്‍ സെന്ററിലേക്ക് അയക്കേണ്ടതാണ്. ഉത്തരവ് 28/08/2020 മുതല്‍ പ്രാബല്യത്തില്‍ വരും.