പൂച്ചാക്കല്‍ അപകടം; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി
പൂച്ചാക്കല്‍ അപകടം; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി
പൂച്ചാക്കല്‍ അപകടം; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി
പൂച്ചാക്കല്‍ (ആലപ്പുഴ): അമിത വേഗത്തിലെത്തിയ കാര്‍ 4 വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബിന്‍സുക്കിയ വിമൂര്‍ഗുഡ് മുഡോയ്ഗാവ് സ്വദേശി ആനന്ദ മുഡോയ് (29) ആണ് അറസ്റ്റിലായത്. താനാണു കാര്‍ ഓടിച്ചതെന്നും മദ്യപിച്ചിരുന്നെന്നും ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. ഇയാള്‍ക്കു ഡ്രൈവിങ് ലൈസന്‍സില്ല.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു കസ്റ്റഡിയിലെടുത്ത ആനന്ദയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സാരമായ പരുക്കില്ലാത്തതിനാല്‍ ഇന്നലെ തന്നെ ഇയാളെ ആശുപത്രിയില്‍ നിന്നു വിട്ടയച്ചിരുന്നു. കൊലപാതക ശ്രമം, മദ്യപിച്ചു വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. കാറില്‍ ആനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന പാണാവള്ളി 13-ാം വാര്‍ഡ് ഇടവഴീക്കല്‍ മനോജ് തലയ്ക്കു പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മനോജിനെതിരെ കൊലപാതക ശ്രമത്തിനും മദ്യപിച്ചു വാഹനത്തില്‍ സഞ്ചരിച്ചു കൊലപാതകത്തിനു പ്രേരിപ്പിച്ചതിനും കേസെടുത്തു.
അപകടം നടക്കുന്ന സമയത്ത് ആനന്ദായിരുന്നു വണ്ടിയോടിച്ചത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, അപകടത്തില്‍ പെട്ട വിദ്യാര്‍ത്ഥിനികളുടെ ബന്ധുക്കള്‍ പറയുന്നത് മലയാളിയായ മനോജ് തന്നെയാണ് വണ്ടി ഓടിച്ചതെന്നാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം, അപകടത്തില്‍ ഇരുകാലുകളിലും ഒടിവ് സംഭവിച്ച അനഘ എന്ന വിദ്യാര്‍ത്ഥിനിയുടെ ശസ്ത്രക്രിയ ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണ്.