തിരുപ്പൂര്‍: തമിഴ്നാട്ടില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. കോയന്പത്തൂര്‍ അവിനാശി റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്.
ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയെ തുടര്‍ന്ന് ഡിവൈഡര്‍ മറികടന്ന് വന്ന കണ്ടെയ്നര്‍ ടൈല്‍ ലോറി ബസില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് സ്ഥിരീകരണം. ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരിച്ചതായാണ് വിവരം.
നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമല്ല. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. പാലക്കാട്ടും എറണാകുളത്തും ഇറങ്ങാനുള്ളവരായിരുന്നു ബസിലുണ്ടായിരുന്നത്.