മോഡലുകളുടെ അപകടമരണം; സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ കേസ്

0 752

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തു. ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കേസിൽ പരമാവധി തെളിവുകൾ ലഭിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

സൈജു തങ്കച്ചന്‍റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തത്. സ്ത്രീകളടക്കം മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്തു. എഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ ആണ് വിവിധ സ്റ്റേഷനുകളിലായി കേസെടുത്തത്. ഇവരെ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

എറണാകുളം ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ മൂന്ന് കേസുകളാണ് സൈജുവിനെതിരെ എടുത്തത്. ഇവിടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടന്നുവെന്ന് പൊലീസ് കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി, തേവര, മരട്, തൃക്കാക്കര സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തു. മാരാരിക്കുളത്തെ ലഹരി പാർട്ടിക്ക് ഇന്ന് അർത്തുങ്കൽ സ്റ്റേഷനിലും കേസെടുക്കും. മാരാരിക്കുളത്തെ പാർട്ടിയിൽ എം.ഡി.എം.എ, കഞ്ചാവ്, ലഹരി ഗുളികകൾ തുടങ്ങിയവ കൈമാറി എന്നാണ് സൈജുവിന്‍റെ മൊഴി. ഈ മൊഴി അടങ്ങിയ റിപ്പോർട്ട് ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു ഇന്നലെ ആലപ്പുഴ പൊലീസിന് കൈമാറിയിരുന്നു.