പൊതുമരാമത്ത് വകുപ്പില്‍ മാത്രം നടപ്പാക്കിയത് 20000 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍; മുഖ്യമന്ത്രി

0 144

പൊതുമരാമത്ത് വകുപ്പില്‍ മാത്രം നടപ്പാക്കിയത് 20000 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍; മുഖ്യമന്ത്രി

20000 കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പിലൂടെ മാത്രം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം മണ്ഡലത്തിലെ വേങ്ങാട് പെരളശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന കീഴത്തൂര്‍ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയിലൂടെ 10000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന് പുറമെ പുതിയ നിര്‍മിതികള്‍ക്ക് ബജറ്റിലൂടെ നീക്കിവച്ചിട്ടുള്ള തുക ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികളും നടത്തി വരികയാണ്. അടിസ്ഥാന സൗകര്യങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന പ്രവര്‍ത്തന ശൈലിയാണ് വകുപ്പുകളെല്ലാം സ്വീകരിച്ചിട്ടുള്ളത്. നടക്കില്ലെന്ന് കരുതിയിരുന്ന പല പദ്ധതികളും നടക്കുന്ന അവസ്ഥ നേരിട്ട് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന നിലയുണ്ടായതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് കോവിഡ് മഹാമാരി തടസമയിക്കൂടാ എന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. അതുകൊണ്ടാണ് അടിയന്തര ആവശ്യമുള്ള പദ്ധതികള്‍ പോലും പല സര്‍ക്കാരും ഉപേക്ഷിക്കുമ്പോള്‍ നാം ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധവച്ച് മുന്നോട്ട് പോകുന്നത്. വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പു വരുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍, ക്ഷേമപെന്‍ഷന്‍ വിതരണം ഇതൊക്കെ തടസം കൂടാതെ നടത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് നേരത്തെ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. വികസനവും ഉല്‍പ്പാദനവും ദുരന്തപ്രതിരോധവും ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കീഴത്തൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്ക്കരിക്കാന്‍ പോകുന്നതെന്നും ഒന്നര വര്‍ഷം കൊണ്ട് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി.

12.20 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. നിലവില്‍ ടൂറിസം വകുപ്പിന്റെ തൂക്കുപാലം മാത്രമാണ് പ്രദേശവാസികള്‍ക്ക് മെയില്‍ റോഡിലേക്ക് പ്രവേശിക്കാനുള്ള ഏക മാര്‍ഗം. ഈ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പുതിയ പാലം പൂര്‍ത്തിയാക്കുന്നതോടെ കീഴത്തൂര്‍ ഭാഗത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ സംസ്ഥാന പാതയിലെത്താന്‍ സാധിക്കും. ആകെ 205.45 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും ഇരുഭാഗത്തും 1.50 മീറ്റര്‍ നടപ്പാതയോടുകൂടിയാണ് പാലത്തിന്റെ നിര്‍മ്മാണം. ജലഗതാഗതത്തിന് ഉതകുന്ന രീതിയില്‍ ജലഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാലം നിര്‍മ്മിക്കുന്നത്.
കീഴത്തൂര്‍ ഭാഗത്തുള്ള റോഡ് പരിസരത്ത് നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ സി മോഹനന്‍ (എടക്കാട്), കെ കെ രാജീവന്‍ (തലശേരി), ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി ബാലഗോപാലന്‍ (പെരളശേരി), സി പി അനിത (വേങ്ങാട്), മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.