നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

0 463

മുംബൈ: ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

സുഹൃത്തും നടനുമായ അനുപം ഖേറാണ് സതീഷ് കൗശിക് അന്തരിച്ചെന്ന് ട്വീറ്റ് ചെയ്തത്- “എനിക്കറിയാം മരണമാണ് ഈ ലോകത്തിലെ പരമമായ സത്യം. എന്നാൽ എന്റെ ആത്മസുഹൃത്ത് സതീഷ് കൗശികിനെ കുറിച്ച് ഇങ്ങനെ എഴുതേണ്ടിവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്റ്റോപ്പ്. നീയില്ലാത്ത ജീവിതം ഒരിക്കലും പഴയതുപോലെയാവില്ല സതീഷ്. ഓംശാന്തി”.

സതീഷ് കൗശിക് 1956 ഏപ്രില്‍ 13ന് ഹരിയാനയിലാണ് ജനിച്ചത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സതീഷ് കൗശികിന്‍റെ അരങ്ങേറ്റം നാടകത്തിലൂടെയായിരുന്നു. മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന, രാം ലഖൻ, സാജൻ ചലേ സസുരാൽ, ജാനേ ഭി ദോ യാരോ എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛത്രിവാലിയിലാണ് അവസാനമായി അഭിനയിച്ചത്. കങ്കണ റണാവത്തിന്‍റെ എമര്‍ജന്‍സിയാണ് പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയില്‍ ജഗ്ജീവൻ റാമായാണ് അദ്ദേഹം എത്തുക. രൂപ് കി റാണി ചോറോം കാ രാജ, പ്രേം, തേരേ നാം, ഹം ആപ്കി ദില്‍മേം രഹ്തേ ഹെ, ക്യോംകി തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.