അവശകലാകാരൻമാരെ സഹായിക്കുന്നതിന് 10 ലക്ഷം രൂപ  ഫഹദ് ഫാസിലും മഹേഷ് നാരായണനും ചേർന്ന് ഫെഫ്കയ്ക്ക് കൈമാറി

0 463

 അവശകലാകാരൻമാരെ സഹായിക്കുന്നതിന് 10 ലക്ഷം രൂപ  ഫഹദ് ഫാസിലും മഹേഷ് നാരായണനും ചേർന്ന് ഫെഫ്കയ്ക്ക് കൈമാറി

 

ലോക്ക്ഡൗൺ കാലത്ത് നിർമ്മിച്ച ‘സീ യു സൂണി’ന്റെ ലാഭത്തിൽ നിന്നും 10 ലക്ഷം രൂപ നടനും ചിത്രത്തിന്റെ നിർമാതാവുമായ ഫഹദ് ഫാസിലും മഹേഷ് നാരായണനും ചേർന്ന് ഫെഫ്കയ്ക്ക് കൈമാറി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അവശകലാകാരൻമാരെ സഹായിക്കുന്നതിന് ഫെഫ്കെ കരുതൽ നിധി തുടങ്ങിയിരുന്നു. ഇതിലേക്കാണ് ഫഹദ് ഫാസിലും മഹേഷ്‌ നാരായണനും സംഭാവന നൽകിയിരിക്കുന്നത്. നേരത്തെ മോഹൻലാലും മഞ്ജു വാര്യരും ഇതിലേക്കായി സംഭാവന നൽകിയിരുന്നു.

 

“ഈ കോവിഡ് കാലത്ത് പരിമിതമായ സൗകര്യങ്ങളെയും ആളുകളെയും പ്രയോജനപ്പെടുത്തി ഫഹദ് ഫാസിലും മഹേഷ് നാരായണനും ചേർന്നൊരുക്കിയ ‘സീ യൂ സൂൺ’ എന്ന ചിത്രം ആമസോണിൽ റിലീസ് ചെയ്യുകയും വൻവിജയമാകുകയും മലയാള സിനിമക്ക് തലയുയർത്തി നിൽക്കാവുന്ന രീതിയിൽ അഭിമാനമായതുമാണ്. ‘സീ യു സൂൺ’ എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത്‌ ലക്ഷം രൂപ ഫെഫ്കയ്ക്ക്‌ കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ്‌ നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്‌, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട്‌ കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിനും, നന്ദി, സ്നേഹം, സാഹോദര്യം,” ഫെഫ്കക ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടയ്ക്കുകയും സിനിമാചിത്രീകരണം മുടങ്ങുകയും ചെയ്തതോടെ സിനിമാമേഖല പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ഏഴുമാസത്തോളമായി ജോലിയില്ലാതെ കഷ്ടപ്പാടുകളിലൂടെ കടന്നുപോവുകയാണ് സിനിമാപ്രവർത്തകർ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും ചിത്രങ്ങളുടെ ചിത്രീകരണം പുനരാരംഭിച്ചിട്ടുവെങ്കിലും തിയേറ്ററുകൾ എന്ന് തുറക്കും, സിനിമകൾ എന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാവും തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. കോവിഡ് കാലത്ത് മുൻപൊന്നും ഉണ്ടായിട്ടില്ലാത്ത അനിശ്ചിതാവസ്ഥകളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് സിനിമാലോകവും കടന്നുപോവുന്നത്.