നടൻ ഇന്നസെന്റ് അന്തരിച്ചു

0 1,297

കൊച്ചി: ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെൻറ്(75) അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് മരണപ്പെട്ടത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെൻറ് അവസാന നിമിഷം വരെ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും മാർഗരീത്തയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഇന്നസെൻറ് ജനിച്ചത്. ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെൻറ്, ഡോൺ ബോസ്‌കോ, ശ്രീ സംഗമേശ്വര എൻ.എസ്.എസ് എന്നീ സ്‌ക്കൂളുകളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ് വരെ മാത്രമാണ് ഇന്നസെൻറ് പഠിച്ചത്. പഠനം നിർത്തിയതിനുശേഷം മദ്രാസിലേയ്ക്ക് പോവുകയും സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി പ്രവർത്തിക്കുകയും ചെയ്തു. ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഇന്നസെൻറിൻറെ സിനിമാഭിനയ തുടക്കം. 1972 ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെൻറിൻറെ ആദ്യസിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളിൽ അഭിനയിച്ചു. പിന്നീട് കുറച്ചുക്കാലം ദാവൺഗരെയിൽ തീപ്പെട്ടിക്കമ്പനി നടത്തി. ദാവൺഗരെയിൽ നിന്ന് നാട്ടിലെത്തിയ ഇന്നസെൻറ് ബിസിനസുകൾ ചെയ്യുകയും രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. 1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.

1986 മുതലാണ് ഇന്നസെൻറ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989 ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെൻറിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയ്റ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കി.

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്ത് 12 വർഷം പ്രവർത്തിച്ചു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലു സിനിമകൾ നിർമിക്കുകയും രണ്ടു സിനിമകൾക്ക് കഥ എഴുതുകയും ചെയ്തു. വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഓർമ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ സിനിമകളാണ് നിർമിച്ചിരിക്കുന്നത്. പാവം ഐ എ ഐവാച്ചൻ, കീർത്തനം എന്നീ സിനിമകൾക്കാണ് ഇന്നസെൻറ് കഥ എഴുതിയത്.

സിനിമകളിൽ ഗായകനായും ഇന്നസെൻറ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ആനച്ചന്തം ഗണപതി മേളച്ചന്തം (ഗജകേസരിയോഗം), കണ്ടല്ലോ പൊൻ കുരിശുള്ളൊരു(സാന്ദ്രം), കുണുക്കുപെണ്മണിയെ(മിസ്റ്റർ ബട്ടലർ), സുന്ദരകേരളം നമ്മൾക്ക്(ഡോക്ടർ ഇന്നസെൻറാണ്), സ മാ ഗ രി സ( ഠ സുനാമി) എന്നീ ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിയ്ക്കുപിന്നിൽ (ആത്മകഥ), കാൻസർ വാർഡിലെ ചിരി എന്നീ നാല് പുസ്തകങ്ങളും ഇന്നസെൻറ് രചിച്ചിട്ടുണ്ട്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞതിന്റെ അനുഭവങ്ങളാണ് ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം.

1976 സെപ്റ്റംബർ 6 ന് ആയിരുന്നു ഇന്നസെൻറിൻറെ വിവാഹം. ഭാര്യ ആലീസ്. മകൻ സോണറ്റ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്നസെൻറ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കുകയും എം.പി ആവുകയും ചെയ്തു. 1989ൽ ‘മഴവിൽക്കാവടി’യിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നസെൻറിന് ലഭിച്ചു.