വീട്ടിൽ ഭക്ഷണവുമായി എത്തിയ ഫുഡ് ഡെലിവറി ബോയ്‌ക്ക്‌ സർപ്രൈസ് സമ്മാനമൊരുക്കി നടി സുരഭി ലക്ഷ്മി

0 1,057

വീട്ടിൽ ഭക്ഷണവുമായി എത്തിയ ഫുഡ് ഡെലിവറി ബോയ്‌ക്ക്‌ സർപ്രൈസ് സമ്മാനമൊരുക്കി നടി സുരഭി ലക്ഷ്മി

 

വീട്ടിൽ ഭക്ഷണവുമായി എത്തിയ ‘ഫുഡ് ഡെലിവറി ബോയ്‌’ക്ക്‌ സർപ്രൈസ് സമ്മാനമൊരുക്കി നടി സുരഭി ലക്ഷ്മി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷോർട്ഫിലിം ‘ഫുഡ് പാത്ത്’ വിജയമായതിന്റെ സന്തോഷം പങ്കിടാനായിരുന്നു സുരഭിയും സംഘവും സമ്മാനമൊരുക്കിയത്. ഇതിന്റെ വീഡിയോ സുരഭി യൂട്യൂബിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

പന്ത്രണ്ട് പേപ്പർ കപ്പുകൾക്കുള്ളിൽ പന്ത്രണ്ട് തരം സമ്മാനങ്ങളെഴുതിയ കടലാസുകൾ സൂക്ഷിച്ചിരുന്നു. പിന്നാലെയാണ് സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്ത്. ഫുഡ് പാത്തിന്റെ ക്രൂ അം​ഗങ്ങളും സുരഭിയ്ക്കൊപ്പം ഉണ്ടായിരുന്നു.

വടകര സ്വദേശിയായ സമീറിനാണ് അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിച്ചത്. എറണാകുളത്തെ ഏവിയേഷൻ വിദ്യാർഥിയായ സമീറിന് വിദ്യാഭ്യാസ വായ്പയുണ്ട്. അതിന്റെ തിരിച്ചടവിനുവേണ്ടിയാണ് ഒഴിവുസമയത്ത് ജോലി ചെയ്യുന്നത്. സുരഭിലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിന്റെയും പ്രതീക്ഷിക്കാതെ സമ്മാനം ലഭിച്ചതിന്റെയും അമ്പരപ്പിലായിരുന്നു സമീർ.

സ്വന്തം മകൻ വിശന്നിരിക്കുമ്പോഴും വലിയ വീട്ടിലെ കുട്ടിക്ക് ഭക്ഷണമെത്തിക്കാൻ ഓടിയെത്തുകയും താമസിച്ച് പോയതിന്റെ പേരിൽ ചീത്ത കേൾക്കുകയും ചെയ്യുന്ന ഡെലിവറി ജീവനക്കാരുടെ കഥയാണ് ഫുഡ്പാത്തിൽ പറയുന്നത്. അയൂബ് കച്ചേരി നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ജിത്തു കെ. ജയനാണ്. കാലടി സർവകലാശാലയിലെ അധ്യാപകനായ വിനോദ്കുമാർ അതീതിയുടേതാണ് തിരക്കഥ. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണമാണ് വിവിധയിടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.