ന്യൂഡല്‍ഹി: കള്ള വോട്ടുകള്‍ തടയാനും വോട്ടര്‍ പട്ടികയിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാനുമായി 12 അക്ക ആധാര്‍ നമ്ബര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള നിയമ നിര്‍മ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയേക്കും. നിയമ നിര്‍മ്മാണത്തിനുള്ള മന്ത്രിസഭാ കുറിപ്പ് തയ്യാറാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷന് വിളിച്ച യോഗത്തില്‍ നിയമമന്ത്രാലയം അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര സര്‍ക്കാരിന് നല്കിയ ശുപാര്‍ശ പ്രകാരമാണിത്. വോട്ടര്‍ പട്ടികയിലുള്ള കുടിയേറ്റ വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് സംവിധാനമുപയോഗിച്ച് മറ്റൊരിടത്തിരുന്ന് സ്വന്തം നിയോജക മണ്ഡലത്തില്‍ വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യവും ഇതുവഴി സാദ്ധ്യമാകും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വര്‍ഷത്തില്‍ ഒന്നിലധികം തവണ അവസരം നല്കല്, തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്ബ് സമൂഹ മാദ്ധ്യമങ്ങളിലും പ്രചാരണം അവസാനിപ്പിക്കല്‍ തുടങ്ങി 40ഓളം ശുപാര്‍ശകള്‍ കമ്മിഷന് നല്‍കിയിരുന്നു. ഇവ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.