മമ്മൂട്ടിയെ കാണാൻ കാടിറങ്ങി ആദിവാസി മൂപ്പൻമാരും സംഘവും; മടങ്ങിയത് കൈ നിറയെ സമ്മാനങ്ങളുമായി

0 829

പുല്‍പ്പള്ളി: വയനാട്ടിലെത്തിയ നടൻ മമ്മൂട്ടിയെ കാണാൻ ആദിവാസി സംഘം കാടിറങ്ങിയെത്തി. കേരള – കർണാടക അതിർത്തിയിലെ ഉൾകാടിനുള്ളിലെ ആദിവാസി കോളനിയിൽ നിന്നാണ് ആദിവാസി സംഘം മമ്മൂട്ടിയെ കാണാനെത്തിയത്. പണിയ കോളനി മൂപ്പനായ ശേഖരൻ, കാട്ടുനായ്ക കോളനി മൂപ്പനായ ദെണ്ടുകൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വെള്ളിത്തിരയിലെ താരരാജാവിനെ കണ്ണു നിറയെ കണ്ടു. പുൽപ്പള്ളി മടാപറമ്പിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ കോളനിയിലെ 28 കുടുംബങ്ങൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ചാണ് മൂപ്പനെയും സംഘത്തെയും മമ്മൂട്ടി സ്വീകരിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയായിരുന്നു വസ്ത്രവിതരണം. ചടങ്ങിൽ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമും പങ്കെടുത്തു. മമ്മൂട്ടിയുടെ നിർദേശപ്രകാരം സംഘടന കോളനി സന്ദർശിക്കുകയും ലൊക്കേഷനിലെത്താത്തവരടക്കം എല്ലാവർക്കും പുതുവസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.

ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രം വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ അറിയിച്ചു. കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയുടെ ഷൂട്ടിങ്ങാനായാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്.