തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി
തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസന പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയുടെ ഭരണാനുമതിയായി. ആശുപത്രി മെറ്റേണിറ്റി ബ്ലോക്ക് വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്. പുതിയ മെറ്റേണിറ്റി ബ്ലോക്കിൽ ലിഫ്റ്റ് സംവിധാനം സ്ഥാപിക്കൽ, ജനറേറ്റർ, എസി തുടങ്ങിയവയാണ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുക. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് നേരത്തെ അവലോകന യോഗം ചേർന്നിരുന്നു. ഇത് പ്രകാരം മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ പുരോഗമിക്കുകയാണ്. ഇത് കൂടാതെ അടുത്ത ഘട്ടത്തിൽ ഓപ്പറേഷൻ തിയ്യറ്റർ കോംപ്ലക്സ്, ഒ.പി. ഡിപ്പാർട്ട്മെന്റ് നവീകരണം, അഗ്നി സുരക്ഷാ സംവിധാനം സ്ഥാപിക്കൽ തുടങ്ങി 22 കോടിയോളം രൂപയുടെ പ്രവൃത്തിയും നടത്താനുണ്ട്. കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളുടെയും വികസനം ലക്ഷ്യമിട്ടുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് ഇപ്പോൾ ഒരു കോടി രൂപ ഫണ്ട് അനുവദിച്ചത്.