മുൻകൂർ ജാമ്യം; വ്യവസ്ഥകൾ പാലിക്കാൻ ദിലീപ് കോടതിയിലെത്തി

0 629

മുൻകൂർ ജാമ്യം; വ്യവസ്ഥകൾ പാലിക്കാൻ ദിലീപ് കോടതിയിലെത്തി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിന്റെ മുൻകൂർ ജാമ്യവ്യവസ്ഥകൾ പാലിക്കാൻ ദിലീപ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തി. ഹൈക്കോടതി ഉത്തരവിട്ട മുൻകൂർ ജാമ്യത്തിന്റെ നടപടിക്രമങ്ങൾ പാലിക്കുന്നതിനായി മറ്റ് പ്രതികൾക്കൊപ്പമാണ് ദിലീപ് എത്തിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്‌പോർട്ട് എന്നിവയാണ് വ്യവസ്ഥകൾ.

അതേസമയം, ഗൂഢാലോചനാ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകൾ കോടതിയിൽ ഹാജരാക്കി. ഇന്നലെ ശേഖരിച്ച ശബ്ദ സാമ്പിളുകളാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കോടതിയാണ് സാമ്പിളുകൾ ഫോറൻസിക് പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കുക. നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്റെ ഫോണുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളിൽ ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ചാണ് തുടർ നടപടികൾ സ്വീകരിക്കുക. ആവശ്യമെങ്കിൽ ദിലീപിനെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും.