സി.എ.ജി റിപ്പോര്‍ട്ട്: പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ പ്രക്ഷുബ്ധം
തിരുവനന്തപുരം: പൊലീസ് വകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ സമ്മര്‍ദത്തിനൊടുവില്‍ തുടര്‍നടപടികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍. പൊലീസിലെ പര്‍ച്ചേസ് സംവിധാനത്തെ കുറിച്ച് പരിശോധിക്കും. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന കാര്യം വ്യവസായ വകുപ്പ് അന്വേഷിക്കും. എന്നാല്‍, ഡി.ജി.പിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടില്‍ ചട്ടപ്രകാരം നടപടിയുണ്ടാകും. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കും. അന്വേഷണം നടത്തുന്നില്ലെന്നത് തെറ്റായ ആരോപണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്ന കാലയളവില്‍ പല ആഭ്യന്തര മന്ത്രിമാരും ഡി.ജി.പിമാരും ഉണ്ടായിരുന്നു. നിബന്ധനകള്‍ പാലിച്ചാണ് ഗാലക്സോണിനെ കെല്‍ട്രോണ്‍ തിരഞ്ഞെടുത്തത്.
ഡി.ജി.പിയെ മാറ്റുമെന്ന മോഹം ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് സഭയില്‍ ഉയര്‍ത്തിയത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുമ്ബിലെത്തി പ്രതിഷേധിച്ചു.