കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി :കണ്ണൂർ തില്ലങ്കേരി സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ കേസെടുത്തു

0 456

കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി :കണ്ണൂർ തില്ലങ്കേരി സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ കേസെടുത്തു

ഇരിട്ടി: കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിന് തില്ലങ്കേരി കാവുമ്പടി സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം മുഴക്കുന്ന് പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ 29ാം തീയ്യതിയായിരുന്നു തില്ലങ്കേരി കാവുമ്പടി സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരുനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചത്. ശ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും തങ്ങള്‍ക്ക് രോഗമില്ലെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ മുന്‍പ് നടത്തിയ പരിശോധന ഫലം ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പ്രചരണം നടത്തുകയായിരുന്നു. തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് അധികാരികളെ ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹത്തില്‍ ആശയകുഴപ്പം ഉണ്ടാക്കുകയും രോഗം മറച്ച് വച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുകയായിരുന്നു .
ഇയാളുടെ ശ്രദ്ധക്കുറവിനെ കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി തന്നെ കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 83 പേരും, ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍ 56 പേരും, ഹൈറിസ്‌ക് സമ്പര്‍ക്ക ലിസ്റ്റില്‍ 26 പേരുമാണുള്ളത്. ഇയാളുടെ പിതാവിനും, അനുജനും പിന്നീട് രോഗം സ്ഥിരീകരിച്ചു. പിതാവിന്റെ മാതാവിന്നും ,പിതാവിന്റെ കടയില്‍ എത്തിയ കാക്കയങ്ങാട് ആയിച്ചോത്ത് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇയാളുടെ അനുജനും കൂടി രോഗം സ്ഥിരീകരിച്ചതോടെ മലയോരം തന്നെ ആശങ്കയിലായി. ഇവരൊക്കെയായി ബന്ധപ്പെട്ട 100 കണക്കിന്‌ ആളുകളാണ് തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത നല്‍കിയ ചില മാധ്യമ സ്ഥാപനങ്ങളിലും ഇയാള്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്. ഇത്തരത്തിലുള്ള പരാതികള്‍ കണക്കിലെടുത്താണ് മുഴക്കുന്ന് പോലീസ് ഇയാള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്തത് .