വിമാനത്താവളങ്ങള്‍ക്ക് സമീപം പ്രത്യേക നിരീക്ഷണകേന്ദ്രങ്ങള്‍ ; കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ പ്രവേശനത്തിന് നിയന്ത്രണം
വിമാനത്താവളങ്ങള്‍ക്ക് സമീപം പ്രത്യേക നിരീക്ഷണകേന്ദ്രങ്ങള്‍ ; കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ പ്രവേശനത്തിന് നിയന്ത്രണം
കോഴിക്കോട് : കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. കോഴിക്കോട് വിമാനത്താവളത്തില്‍ പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും മാത്രമാക്കി. ടാക്സി ജീവനക്കാര്‍ യാത്രക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. വിദേശത്തുനിന്ന് എത്തുന്നവര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. കണ്ണൂര്‍ വിമാനത്താവളത്തിലെ വിസിറ്റേഴ്സ് ഗാലറിയും വ്യൂവേഴ്സ് ഗാലറിയും ഇന്നു മുതല്‍ അടച്ചിടും.
അതിനിടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപം പ്രത്യേക നിരീക്ഷണകേന്ദ്രം തുടങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ചൈന, ഇറ്റലി, ഇറാന്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, സ്പെയിന്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ 14 ദിവസം നിര്‍ബന്ധമായി ഇവിടെ പാര്‍പ്പിച്ച് നിരീക്ഷിക്കണം. 2000 പേരെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യം ഉണ്ടാകണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെ മൂന്നുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഒരു വിദേശി അടക്കം മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരനും, ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 19 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. 5468 പേരാണ് നിരീക്ഷണത്തിലുള്ളത്.