കിടപ്പുമുറിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

0 106

കിടപ്പുമുറിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

തൊടുപുഴ: കിടപ്പുമുറിയില്‍ ഗ്രോ ബാഗുകളില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന നിര്‍മലാസിറ്റി സ്വദേശി മനു തോമസിനെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. പണി പൂര്‍ത്തിയായി വരുന്ന വീട്ടിലാണ് കഞ്ചാവ് മനു
വളര്‍ത്തിയത്.

ഇയാളുടെ കിടപ്പുമുറിയില്‍നിന്ന് എട്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടിച്ചെടുത്തു. 40 സെന്റിമീറ്റര്‍ വരെ ഉയരമുള്ള ചെടികള്‍ പിടിച്ചെടുത്തവയിലുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. മുറിയില്‍ കഞ്ചാവ് വളര്‍ത്തുന്നത് സമീപവാസികള്‍ അറിയാതിരിക്കാന്‍ ജനലുകള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച്‌ മറച്ചിരുന്നു. ചെടികള്‍ക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കാനായി ഇലക്‌ട്രിക് ബള്‍ബ് ഉപയോഗിച്ചുള്ള സംവിധാനവും ഒരുക്കി. വര്‍ഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രതിയെ കഴിഞ്ഞ രണ്ട് ദിവസമായി എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ചയാണ് വീട്ടില്‍ പരിശോധന നടത്തി കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തത്.

പത്തുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.