മദ്യത്തിന് കോവിഡ് ടാക്സ്; ലോക് ഡൗണ്‍ നഷ്ടം നികത്താന്‍ പുതുവഴി തേടി ഡല്‍ഹി

0 569

മദ്യത്തിന് കോവിഡ് ടാക്സ്; ലോക് ഡൗണ്‍ നഷ്ടം നികത്താന്‍ പുതുവഴി തേടി ഡല്‍ഹി

ന്യൂഡല്‍ഹി: കോവിഡ് വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മദ്യത്തിന് 70 ശതമാനം ടാക്സ് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍. ‘സ്പെഷ്യല്‍ കൊറോണ ടാക്സ്’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഇനിമുതല്‍ രാവിലെ 9 മുതല്‍ വൈകീട്ട് 6.30 വരെ മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുപ്പി മദ്യത്തിന് ചുമത്താവുന്ന ഏറ്റവും വലിയ ടാക്സാണ് 70 ശതമാനം. 1000 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് ഇനിമുതല്‍ 1700 രൂപയാണ് നല്‍കേണ്ടി വരിക.

അരവിന്ദ് കെജ് രിവാളിന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്. മദ്യത്തിന്‍റെ വില കൂട്ടി ലോക് ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക നഷ്ടം പരിഹരിക്കാന്‍ കഴിയുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 3500 കോടി സര്‍ക്കാറിന് ലാഭം നേടിക്കൊടുത്ത മദ്യ വില്‍പ്പന ഈ ഏപ്രിലില്‍ വെറും 300 കോടി മാത്രമായിരുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണിന് ശേഷം തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ മദ്യഷാപ്പുകള്‍ തുറന്നത്. സാമൂഹ്യഅകലമോ മറ്റ് നിയന്ത്രണങ്ങളോ പാലിക്കാതെ പുലര്‍ച്ചെ മുതല്‍ രൂപപ്പെട്ട നീണ്ട ക്യൂ നിയന്ത്രിക്കാന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു.