ജില്ലയില്‍ കോവിഡ്-19 സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധ സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട മുഴുവനാളുകളെയും രോഗലക്ഷണങ്ങളില്ലെങ്കില്‍പ്പോലും സ്രവ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ നാരായണ നായ്ക് അറിയിച്ചു. ഈ തീരുമാനം കൈക്കൊണ്ട സംസ്ഥാനത്തെ ആദ്യത്തെ ജില്ലയാണ് കണ്ണൂര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന്റെ ഭാഗമായി ഏപ്രില്‍ 7 ന് 59 പേരുടെയും ഏപ്രില്‍ 8 ന് 17 പേരുടെയും സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്ന വ്യക്തികളെ കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം എന്നീ സ്ഥാപനങ്ങളിലേക്കെത്തിച്ച് സ്രവ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരില്‍ രോഗലക്ഷണമുള്ളവരെ ഈ കേന്ദ്രങ്ങളില്‍ത്തന്നെ അഡ്മിറ്റ് ചെയ്യുകയും അല്ലാത്തവരെ കര്‍ശനമായ ക്വാറന്റീന്‍ നിര്‍ദ്ദേശം നല്‍കി ആംബുലന്‍സില്‍ തിരിച്ച് വീട്ടില്‍ കൊണ്ടുവിടുകയും ചെയ്യും.ജില്ലയില്‍ രോഗലക്ഷണമില്ലാത്ത രോഗവാഹകരായ ആളുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നിര്‍ബന്ധമായും നിശ്ചിത കാലയളവ് ക്വാറന്റീനില്‍ കഴിയണം.
ജില്ലയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്വാറന്റീനിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നു. നാളിതുവരെയായി ആശുപത്രികളിലും വീടുകളിലുമായി 14286 പേരാണ് ക്വാറന്റീനില്‍ കഴിഞ്ഞിരുന്നത്. നിലവില്‍ 8574 പേരാണ് വീടുകളിലും ആശുപത്രിയിലുമായി ക്വാറന്റീനില്‍ കഴിയുന്നത്. ഇതുവരെയായി ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തീകരിച്ച 5712 പേരില്‍ 1070 പേര്‍ ഇന്ന് ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തീകരിച്ചവരാണ്. ജില്ലയിലെ 12 കോവിഡ് കെയര്‍ സെന്ററുകളില്‍ നിലവില്‍ 51 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 189 പേര്‍ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തീകരിച്ച് വീട്ടിലേക്ക് മടങ്ങി.