സംസ്ഥാനത്തെ എല്ലാ ലൈബ്രറികളും ആധുനിക കരിയര്‍ ഗൈഡന്‍സ് സെന്ററുകളാക്കും -ഇ.പി.ജയരാജന്‍
കണ്ണൂര്‍: സംസ്ഥാനത്തെ ലൈബ്രറികളും ഗ്രന്ഥശാലകളും അത്യാധുനിക സൗര്യങ്ങളോടുകൂടിയ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടത്തുന്ന ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബി.പി.സി.എല്ലുമായുള്ള ധാരണാപത്ര കൈമാറ്റച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷണാര്‍ഥമാണ് മട്ടന്നൂര്‍ മണ്ഡലത്തിലെ വായനശാലകളിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. ഇത് കൂടുതല്‍ വിജയകരമായാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.-മന്ത്രി പറഞ്ഞു. 74 ലക്ഷം രൂപയുടെ പദ്ധതിയാണ് മട്ടന്നൂരില്‍ നടപ്പാക്കുന്നത്. 87 വായനശാലകളിലാണ് പദ്ധതി നടപ്പാക്കുക. കംപ്യൂട്ടര്‍, മള്‍ട്ടി കളര്‍ പ്രിന്റര്‍, വൈഫൈ മോഡം അടക്കമുള്ള ഇന്റര്‍നെറ്റ് സംവിധാനം, യു.പി.എസ്. എന്നീ സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി വായനശാലകള്‍ക്ക് ലഭിക്കും.
കളക്ടര്‍ ടി.വി.സുഭാഷ് അധ്യക്ഷതവഹിച്ചു. ബി.പി.സി.എല്‍. ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എ.ഡി.എം. ഇ.പി.മേഴ്‌സി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു, കായികവകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, സംസ്ഥാന സ്പോര്‍ട് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പദ്‌മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.